ഇരിട്ടി: കൂട്ടുപുഴ പാലം നിര്‍മാണ തടസ്സം പരിഹരിക്കുന്നതിനുള്ള നിര്‍ണായകയോഗം ഏപ്രില്‍ ഏഴിന് നടക്കും. പാലം നിര്‍മാണത്തിന് അന്തിമാനുമതി നല്‍കേണ്ട നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് യോഗമാണ് ഡല്‍ഹിയില്‍ നടക്കുക. കേന്ദ്ര വനം പരിസ്ഥിതിമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പാലത്തിന് അനുകൂലമായി തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കര്‍ണാടക വനംവകുപ്പിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് രണ്ട് വര്‍ഷമായി പാലം നിര്‍മാണം മുടങ്ങിക്കിടക്കുകയാണ്. നിര്‍മാണത്തിന് അനുമതി ലഭിക്കുന്നതിനായി വിവിധ തലങ്ങളിലുള്ള ശ്രമങ്ങളെത്തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി അധ്യക്ഷനായുള്ള ദേശീയ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ കര്‍ണാടക പ്രാദേശികയോഗം നിര്‍മാണത്തിന് അനുകൂലമായ തീരുമാനം എടുത്തിരുന്നു.
പ്രാദേശികയോഗത്തിന്റെ ശുപാര്‍ശയനുസരിച്ചാണ് നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് യോഗത്തില്‍ പ്രശ്നം അജന്‍ഡയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കര്‍ണാടക വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ മേഖലാ കമ്മിറ്റി പാലം നിര്‍മാണത്തിന് അനുകൂലമായി തീരുമാനമെടുക്കുകയും സാങ്കേതികമായി വൈല്‍ഡ് ലൈഫ് ബോര്‍ഡ് അനുമതികൂടി വേണമെന്ന് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ് വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ കര്‍ണാടക പ്രാദേശികഘടകം വിഷയം ചര്‍ച്ചക്കെടുത്തത്.
ഈ രണ്ട് സമിതികളുടെയും കര്‍ണാടകതല യോഗങ്ങള്‍ പാലത്തിന് അനുകൂലമായതിനാല്‍ ഇത് ശരിവെച്ച് ദേശീയ വൈല്‍ഡ് ലൈഫ് ബോര്‍ഡ് തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് സണ്ണി ജോസഫ് എം.എല്‍.എ. പറഞ്ഞു.