ഗള്‍ഫ് നാടുകളില്‍നിന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങുമ്ബോള്‍ ഇങ്ങനെയൊരു ദുരിതം വരുമെന്ന് ഇവര്‍ ഓര്‍ത്തില്ല. ജോലിചെയ്യുന്ന കമ്ബനിയില്‍നിന്ന് ഒന്നും രണ്ടും മാസത്തെ അവധിക്കാണ് പലരും നാട്ടിലെത്തിയത്. കൊറോണ വൈറസ് മൂലം ഗള്‍ഫ് നാടുകളിലേക്ക് പെട്ടെന്ന് തിരിച്ച് പോകാന്‍ കഴിയില്ലെന്ന് അറിഞ്ഞതോടെ ഇവരുടെ ജീവിതം കണ്ണീരിലായി.
തിങ്കളാഴ്‌ച പുലര്‍ച്ചെ കുവൈത്തിലേക്കും ഖത്തറിലേക്കും മടങ്ങാനാണ് വിമാനത്താവളങ്ങളില്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെ ജോലിയില്‍ തിരിച്ച് കയറേണ്ടവരാണ് പലരും. വിമാനങ്ങള്‍ പൊടുന്നനെ റദ്ദാക്കിയതോടെ നിരാശയോടെ ഇവര്‍ വീടുകളിലേക്ക് മടങ്ങുകയായിരുന്നു.
കുവൈത്ത്, ഖത്തര്‍ അധികൃതര്‍ കനിഞ്ഞാല്‍മാത്രമേ ഇനി ജോലി തിരിച്ചുകിട്ടൂവെന്ന് കുവൈത്ത് എണ്ണക്കമ്ബനിയിലെ ജോലിക്കാരന്‍ വളാഞ്ചേരിയിലെ ഗഫൂര്‍ പറഞ്ഞു. 15 ദിവസത്തെ അവധിക്കാണ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച ജോലിയില്‍ തിരിച്ച് കയറണം. എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതോടെ ജോലിതന്നെ പ്രതിസന്ധിയിലായെന്നും ഗഫൂര്‍ പറഞ്ഞു.
ഖത്തറില്‍ നേഴ്‌സായ സിസിലിക്കും തിങ്കളാഴ്ച യാത്ര തുടരാനായില്ല. ബന്ധുവീട്ടിലെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാനാണ് ഇവര്‍ ഏഴ് ദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്. ഗള്‍ഫ് നാടുകളിലേക്കുള്ള വിമാനങ്ങള്‍ കൂട്ടത്തോടെ നിര്‍ത്തലാക്കിയതോടെ പ്രവാസികള്‍ ഒന്നാകെ ആശങ്കയിലാണ്. ഇവര്‍ക്ക് ജോലിസ്ഥലത്തേക്ക് എന്ന് തിരിച്ച് പോകാനാകുമെന്ന് അറിയില്ല. ചൊവ്വാഴ്ചമുതല്‍ കൂടുതല്‍ വിമാന സര്‍വീ സുകള്‍ നിര്‍ത്തുമെന്ന് മുന്നറിയിപ്പുണ്ട്.