കൊട്ടിയൂർ വൈശാഖോത്സവം നീരെഴുന്നള്ളത്ത് നാളെ: ഭക്തജനങ്ങൾക്ക് പ്രവേശനമില്ല

0 1,021

കൊട്ടിയൂർ വൈശാഖോത്സവം നീരെഴുന്നള്ളത്ത് നാളെ: ഭക്തജനങ്ങൾക്ക് പ്രവേശനമില്ല

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ആദ്യ ചടങ്ങായ നീരെഴുന്നള്ളത്ത് നാളെ അക്കരെ കൊട്ടിയൂരിൽ നടക്കും. കൊട്ടിയൂർ പെരുമാളിന്റെ സ്വയംഭൂ വിഗ്രഹം കണ്ടെത്തിയതിന്റെ ആചാരസ്മരണകളോടെയാണ് നീരെഴുന്നള്ളത്ത് നടക്കുന്നത്
പതിനൊന്നു മാസത്തോളം മനുഷ്യർക്ക് പ്രവേശനമില്ലാതിരുന്ന അക്കരെ സന്നിധിയിലേക്ക് ആദ്യമായി സ്ഥാനികരും ആചാര്യന്മാരും അടിയന്തിരക്കാരും പ്രവേശിക്കുന്ന ദിവസം കൂടിയാണ് ഇടവമാസത്തിലെ മകം നാളിൽ നടക്കുന്ന നീരെഴുന്നള്ളത്ത്. ഒറ്റപ്പിലാൻ കുറിച്യ സ്ഥാനികന്റെ നേതൃത്വത്തിൽ ഇക്കരെ ക്ഷേത്രനടയിലും അക്കരെ ക്ഷേത്രത്തിന്റെ കിഴക്കേനടയായ മന്ദംചേരിയിൽ ബാവലിക്കരയിൽ വച്ചും തണ്ണീർ കുടി ചടങ്ങ് നടത്തും. ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും നേതൃത്വത്തിൽ പുറപ്പെടുന്ന സംഘം കാട്ടുവഴികളിലൂടെ സഞ്ചരിച്ച് മന്ദംചേരിയിലെ കൂവപ്പാടത്ത് എത്തി കൂവയില പറിച്ചെടുത്ത് ബാവലി തീർത്ഥം ശേഖരിച്ച് തിരുവഞ്ചിറയിലേക്ക് പ്രവേശിക്കും. മണിത്തറയിലെ സ്വയംഭൂവിൽ ആദ്യം ഒറ്റപ്പിലാൻ സ്ഥാനികനും തുടർന്ന് പടിഞ്ഞീറ്റിയുടെ നേതൃത്വത്തിലുള്ള സംഘവും അഭിഷേകം നടത്തും. തുടർന്ന് തിടപ്പള്ളി അടുപ്പിൽ നിന്ന് ഭസ്മം പൂശി പടിഞ്ഞാറെ നടവഴി സംഘം ഇക്കരെ കടക്കും. രാത്രിയിൽ പടിഞ്ഞീറ്റ നമ്പൂതിരിയുടെ കാർമ്മികത്വത്തിതിൽ ആയില്യാർക്കാവിൽ നിഗൂഢ പൂജ നടക്കും. വിശിഷ്ടമായ അപ്പട നിവേദിക്കുകയും ചെയ്യും. ഈ പൂജയ്ക്ക് ശേഷം ആയില്യാർക്കാവിലേക്കുള്ള വഴി അടയ്ക്കും. പിന്നെ അടുത്ത വർഷത്തെ പ്രക്കൂഴം ചടങ്ങിനാണ് തുറക്കുക. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ നിയന്ത്രണങ്ങൾ പൂർണ്ണമായി പാലിച്ച് ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനിച്ചിരിക്കുന്നതിനാൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ലെന്ന് ക്ഷേത്ര ഭരണ സമിതി അറിയിച്ചു.