കൊട്ടിയൂർ വൈശാഖ മഹോൽസവം 2023 നടത്തിപ്പും മുന്നൊരുക്കങ്ങളും; അവലോകന യോഗം ചേർന്നു

0 671

കൊട്ടിയൂർ: ഈ വർഷത്തെ കൊട്ടിയൂർ വൈശാഖ മഹോൽസവത്തോടനുബന്ധിച്ച് മുന്നൊരുക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി കൊട്ടിയൂർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. പരിപാടിയുടെ ഉദ്ഘാടനം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം നിർവഹിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം. ആർ മുരളി അധ്യക്ഷത വഹിച്ച പരിപാടിയിൽ മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ ജനാർദ്ദനൻ, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ നന്ദകുമാർ എന്നിവർ മുഖ്യാതിഥികളായെത്തി. കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ, എ ദാമോദരൻ നായർ, പി കെ സുധി, സുനീന്ദ്രൻ,തങ്കപ്പൻ മാസ്റ്റർ, പി സി രാമകൃഷ്ണൻ, പി.എസ് മോഹനൻ, മറ്റു രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു.

ജൂൺ 1ാം തീയതി ആരംഭിച്ച് 30ന് അവസാനിക്കുന്ന വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട പാർക്കിംഗ്, ശുദ്ധജലവിതരണം, കുടിവെള്ളത്തിനായി കിണർ നിർമാണം, അന്നദാനം, ഭക്തരുടെ താമസം, ഉത്സവം നഗരികളുടെ ഇൻഷുറൻസ്, ഭക്തജന സുരക്ഷാ സംവിധാനങ്ങൾ, മാലിന്യ സംസ്കരണം, ശൗചാലയ നിർമ്മാണം, പ്രസാദവിതരണം / വഴിപാട് കൗണ്ടറുകളുടെ വിപുലീകരണം, കൂടുതൽ ആംബുലൻസുകളുടെയും പ്രൈവറ്റ് ഹോസ്പിറ്റലുകളുടെയും സഹകരണത്തോടെ ആരോഗ്യസേവനങ്ങൾ കാര്യക്ഷമമാക്കൽ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.