തീരദേശ മേഖലയിൽ പിടിമുറുക്കി കോവിഡ്;ജാഗ്രത കൈവിടാതെ കോഴിക്കോടും

0 247

തീരദേശ മേഖലയിൽ പിടിമുറുക്കി കോവിഡ്;ജാഗ്രത കൈവിടാതെ കോഴിക്കോടും

കോഴിക്കോട് ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. തീരദേശങ്ങളിലാണ് വ്യാപനം കൂടുതല്‍. ഇന്നലെ 215 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഓണത്തിന് തിരക്കൊഴിവാക്കാന്‍ വ്യാപാര കേന്ദ്രങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തി.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി 200ലധികമാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതില്‍ കൂടുതലും സമ്പര്‍ക്കത്തിലൂടെയാണ്. തീരദേശ മേഖലകളില്‍ രോഗികള്‍ കൂടുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ചോറോടും വെള്ളയിലുമാണ് കൂടുതല്‍ കേസുകള്‍. ചോറോട് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 192 ആയി. ഇന്നലെ മാത്രം 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതീവ ജാഗ്രത നടപടികളാണ് ഈ മേഖലയില്‍ ജില്ലാഭരണകൂടം നടപ്പാക്കുന്നത്. വെള്ളയില്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണാണ്.

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഒരു ആരോഗ്യ പ്രവര്‍ത്തക അടക്കം 82 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തീരദേശ മേഖലയില്‍ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ഫിഷറീസ് വകുപ്പും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകും. കോവിഡ് ബാധിതര്‍ക്കുള്ള തുടര്‍ചികിത്സ, ഭക്ഷണം, മരുന്ന്, കൗണ്‍സിലിംഗ് എന്നിവയാണ് ഫിഷറീസ് വകുപ്പ് ഏറ്റെടുക്കുക. പുതുതായി വന്ന താമരശ്ശേരി ഉള്‍പ്പെടെ 10 ക്ലസ്റ്ററുകളാണ് ജില്ലയിലുള്ളത്. രോഗം ബാധിച്ച് ചികിത്സയിലുള്ളവര്‍ 1600ഉം. ഓണത്തിന്‍റെ പശ്ചാത്തലത്തില്‍ തിരക്കൊഴിവാക്കാന്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണം പ്രമാണിച്ച് തിരക്കൊഴിവാക്കാന്‍ രാത്രി 9 വരെ കച്ചവട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. കണ്ടെയിന്‍മെന്‍റ് സോണുകളില്‍ ഇളവില്ല.