സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്നത്തെ പരിശോധനാ ഫലം 7 പേര്‍ക്ക് പോസിറ്റീവും 7 പേര്‍ക്ക് നെഗറ്റീവുമാണ്. കോട്ടയം മൂന്ന്, കൊല്ലം 3, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. കൊല്ലത്ത് രോഗബാധയുണ്ടായ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് രണ്ടുവീതവും വയനാട് ഒന്ന് എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.
ഇതുവരെ 457 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 116 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 21,044 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 20,580 പേര്‍ വീടുകളിലും 464 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 132 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 22,360 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 21,475 എണ്ണം രോഗബാധ ഇല്ല എന്നുറപ്പായിട്ടുണ്ട്.
കണ്ണൂര്‍ 55, കാസര്‍കോട് 15, കോഴിക്കാട് 11ഉം പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. വയനാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ച് ആരും ചികിത്സയിലില്ല.
നമ്മുടെ സംസ്ഥാനത്തിന് മറ്റൊരു നേട്ടം കൂടി ഇന്ന് എടുത്തുപറയാനായുണ്ട്. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 84കാരനായ കൂത്തുപറമ്പ് സ്വദേശി മൂരിയാട് അബൂബക്കര്‍ രോഗമുക്തി നേടിയതാണ് ആ വാര്‍ത്ത. 60 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്കില്‍ പെടുമ്പോഴാണ് മറ്റ് ഗുരുതര രോഗമുള്ള 84 വയസുള്ളയാളെ രക്ഷിച്ചെടുത്തത്. കോവിഡ് ലക്ഷണങ്ങള്‍ക്കു പുറമെ വൃക്ക രോഗം ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങളാല്‍ ഗുരുതരാവസ്ഥയിലായിരുന്ന അബൂബക്കറിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി എല്ലാ ജിവനക്കാരേയും അഭിനന്ദിക്കുന്നു.
സംസ്ഥാനത്തിന്‍റെ ഇടപെടലുകളെ കേന്ദ്രം സംതൃപ്തിയോടെയാണ് കാണുന്നത്. തിരിച്ചുവരുന്ന പ്രവാസികളുടെ സുരക്ഷയ്ക്ക് കേരള സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ കേന്ദ്ര കാബിനറ്റ് സെക്രട്ടറി അഭിനന്ദിച്ചു. ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് വിശദമായ നിര്‍ദേശമാണ് വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനം അവതരിപ്പിച്ചത്. ഇത് മാതൃകയാണന്നും മറ്റു സംസ്ഥാനങ്ങള്‍ ഇത്തരം നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാകുമെന്ന് വിദേശകാര്യ സെക്രട്ടറി കേരളത്തിന്‍റെ ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുമുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖാപിച്ച ഇളവുകള്‍
ദേശീയതലത്തില്‍ പൊതുവായ ലോക്ക്ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചില ഇളവുകള്‍ ഏപ്രില്‍ 24ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് മുനിസിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയും പരിധിക്കു പുറത്ത് ഷോപ്സ് ആന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത എല്ലാ കടകള്‍ക്കും പ്രവര്‍ത്തിക്കാം. എന്നാല്‍, മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകള്‍ക്ക് ഈ ഇളവ് ബാധകമല്ല.
മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും അടക്കമുള്ള എല്ലാ പ്രദേശങ്ങളിലും റസിഡന്‍ഷ്യല്‍ കോംപ്ലക്സുകളിലെയും മാര്‍ക്കറ്റ് കോപ്ലക്സുകളിലെയും ഷോപ്സ് ആന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരമുള്ള കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. അതുപോലെ മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ പരിധിയിലാണെങ്കിലും ഒറ്റപ്പെട്ടു നില്‍ക്കുന്ന കടകള്‍ക്കും തുറക്കാം.
തുറക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ 50 ശതമാനത്തിലധികം ജോലിക്കാര്‍ പാടില്ലെന്ന് നിബന്ധനയുണ്ട്. എല്ലാവരും മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും മറ്റ് ആരോഗ്യസുരക്ഷ മാനദണ്ഡങ്ങള്‍ അനുസരിക്കുകയും വേണം. ഏപ്രില്‍ 15ന് പുറപ്പെടുവിച്ച ഉത്തരവില്‍ ചില ഭേദഗതികള്‍ വരുത്തിക്കൊണ്ടാണ് ആഭ്യന്തര മന്ത്രാലയം ഇത്തരത്തില്‍ ഇളവുകള്‍ അനുവദിച്ചത്. ഇതനുസരിച്ച് സംസ്ഥാനത്തും ക്രമീകരണങ്ങള്‍ വരുത്തും.
സംസ്ഥാനത്തെ ആശുപത്രികളില്‍ സാധാരണഗതിയിലുള്ള ചികിത്സകള്‍ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യആശുപത്രികളില്‍ ഉള്‍പ്പെടെ തിരക്ക് ഏറിവരുന്നു. നേരത്തെ നിശ്ചയിച്ച സര്‍ജറികളും ആരംഭിച്ചിട്ടുണ്ട്. ഡോക്ടര്‍മാരും മറ്റ് ആശുപത്രി ജീവനക്കാരും എടുക്കേണ്ട മുന്‍കരുതലുകള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ആശുപത്രി മേധാവികള്‍ തയ്യാറാകണം.
ചില സ്വകാര്യ ആശുപത്രികളില്‍ കോവിഡ് 19 പ്രതിരോധത്തിനാവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ല എന്നും ആവശ്യമായ സുരക്ഷാ സാമഗ്രികള്‍ ലഭ്യമല്ല എന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ ഘട്ടത്തില്‍ ആവശ്യമുള്ള ആളുകള്‍ക്ക് ചികിത്സ നല്‍കുകയാണ് പ്രധാനം. അത് സാമൂഹിക ഉത്തരവാദിത്തം കൂടിയാണ്. അക്കാര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍നിന്ന് നല്ല സഹകരണം ഉണ്ടാകുന്നുണ്ട്. അതിനു വിരുദ്ധമായ സമീപനം ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം.
അതിര്‍ത്തി കടന്ന് അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരുടെ എണ്ണം, അതിന്‍റെ ഭാഗമായുള്ള പ്രശ്നം തുടരുകയാണ്. പാലക്കാട്ടും മറ്റും ഇത്തരം അനുഭവങ്ങള്‍ ഇന്നലെയും ഉണ്ടായി. ഇക്കാര്യത്തില്‍ ജില്ലാ ഭരണസംവിധാനം ഒരു വിട്ടുവീഴ്ചയും കാണിക്കരുത്. അനധികൃതമായി, സുരക്ഷാ മുന്‍കരുതലുകളില്ലാതെ വരാന്‍ ശ്രമിക്കുന്നത് ആരായാലും തടയണം. ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കും.
ലോക്ക്ഡൗണ്‍ ലംഘനം പലയിടത്തും ഉണ്ട്. ഇരിങ്ങാലക്കുടയില്‍ അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ കൂടല്‍മാണിക്യം തെക്കേ കുളത്തില്‍ അതിഥിതൊഴിലാളികള്‍ കൂട്ടത്തോടെ കുളിക്കാനെത്തുന്നതായ് ഒരു വാര്‍ത്ത. കൂട്ടത്തോടെയുള്ള മീന്‍പിടുത്തവും മറ്റും വേറെ റിപ്പോര്‍ട്ട് ചെയ്തു. പുറത്തിറങ്ങാന്‍ ആളുകള്‍ക്ക് ആഗ്രഹമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍, സാഹചര്യത്തിന്‍റെ ഗൗരവം അനുസരിച്ച് അത്തരം പ്രവണതകള്‍ തടഞ്ഞേ തീരൂ.
സംസ്ഥാനത്ത് ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ‘സുഖായുഷ്യം’ എന്ന പേരില്‍ വൃദ്ധജനാരോഗ്യ പദ്ധതി 60 വയസ്സിനു മുകളിലുള്ളവര്‍ക്കായി നടപ്പാക്കുന്നുണ്ട്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിരോധ ഔഷധങ്ങളും ഇതര സഹായങ്ങളും ക്ലിനിക്കുകള്‍ വഴി നല്‍കുന്നുണ്ട്. സംസ്ഥാന-മേഖലാ-ജില്ലാ തലത്തില്‍ കോവിഡ് റെസ്പോണ്‍സ് സെല്ലുകള്‍ ആയുര്‍വേദ മേഖലയില്‍ ആരംഭിച്ചിട്ടുമുണ്ട്. സിദ്ധവൈദ്യമാരുടെ പ്രശ്നങ്ങളും പരിശോധിക്കും.ക്ഷേമനിധികളുടെ പരിധിയിലുള്ള എല്ലാ മേഖലകളിലും ഇതിനകം തൊഴിലാളികള്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്. ഒരു ക്ഷേമനിധിയുടെയും പരിധിയില്‍ വരാത്തതും അവശതയനുഭവിക്കുന്നതുമായ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചതാണ്. അങ്ങനെയുള്ള ബി.പി.എല്‍ കുടുംബത്തിന് ആയിരം രൂപ വീതമാണ് വിതരണം ചെയ്യുക. ഉടനെ വിതരണം തുടങ്ങാന്‍ തീരുമാനമെടുത്തിട്ടുണ്ട്.
കോവിഡ്-19 മാധ്യമമേഖലയെ വളരെ ഗുരുതരമായാണ് ബാധിച്ചിട്ടുള്ളത്. പത്രങ്ങള്‍ പലതും പേജ് കുറച്ചുകഴിഞ്ഞു. സമൂഹത്തില്‍ സാധാരണ പൊതു പരിപാടികളും വാണിജ്യവും ഇല്ലാത്തതിനാല്‍ പരസ്യം ലഭിക്കുന്നില്ല. അതിന്‍റെ പ്രയാസം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നവര്‍ മാധ്യമ പ്രവര്‍ത്തകരാണ്. ഫീല്‍ഡിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗഭീഷണിയുമുണ്ട്. രാജ്യത്തിന്‍റെ മറ്റു പല സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ടര്‍മാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച വിവരം നാം മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അത്തരം അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ പരിശോധന ഉള്‍പ്പെടെയുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തും.
മാധ്യമസ്ഥാപനങ്ങള്‍ ഈ ഘട്ടത്തില്‍ പിരിച്ചുവിടലിനും ശമ്പളനിഷേധത്തിനും തയ്യാറാവരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരുമായി തോളോടുതോള്‍ ചേര്‍ന്ന് പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ട്. രോഗഭീഷണിക്കിടയിലും നാട്ടിലിറങ്ങി വാര്‍ത്താശേഖരണം നടത്തുന്ന അവരുടെ സേവനം സ്ത്യുത്യര്‍ഹമാണ്. അവര്‍ക്ക് വാര്‍ത്താശേഖരണത്തില്‍ തടസ്സം നേരിടുന്ന അനുഭവം ഉണ്ടാകരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാധ്യമങ്ങളുടെ പരസ്യകുടിശ്ശികയില്‍ നല്ലൊരു ഭാഗം പരിശോധിച്ച് നല്‍കാന്‍ തീരുമാനിച്ചു.
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്‍ററില്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗികള്‍ക്ക് കോവിഡ് പരിശോധന നടത്തും. കാന്‍സര്‍ ശസ്ത്രക്രിയയിലും ശസ്ത്രക്രിയാനന്തര ഘട്ടത്തിലും ഉണ്ടാകുന്ന ശരീര സ്രവത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്പര്‍ശിക്കേണ്ടതായി വരും. ഇതിലൂടെ ഉണ്ടാകുന്ന രോഗപ്പകര്‍ച്ചാ സാധ്യത മുന്നില്‍ക്കണ്ടാണിത്.
രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികളെ കൊറോണ വൈറസ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തുന്നു. അതേസമയം കാന്‍സര്‍ ശസ്ത്രക്രിയ അടിയന്തര സ്വഭാവമുള്ളതിനാല്‍ ഒരു ഘട്ടത്തിനപ്പുറം മാറ്റിവയ്ക്കാനും കഴിയില്ല. അതിനാല്‍ ആര്‍സിസിയില്‍ എല്ലാ കാന്‍സര്‍ ശസ്ത്രക്രിയകളും പുനരാരംഭിച്ചിട്ടുണ്ട്. ആര്‍സിസിയിലെ കോവിഡ് ലാബിന് ഐസിഎംആര്‍ അംഗീകാരം ലഭിക്കുന്നതുവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് ലാബിലായിരിക്കും ഈ രോഗികള്‍ക്കുള്ള കോവിഡ് പരിശോധന നടത്തുക. ആര്‍.സി.സി ലാബിന് കാലതാമസമില്ലാതെ അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്.
കാരുണ്യ ആരോഗ്യരക്ഷാ പദ്ധതി അംഗങ്ങളായ രോഗികള്‍ക്ക് ജില്ലാ ആശുപത്രികളില്‍ മരുന്ന് ലഭ്യമല്ലെങ്കില്‍ ആര്‍സിസിയില്‍നിന്ന് എത്തിച്ചുനല്‍കും. ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പണമടച്ച് മരുന്ന് വാങ്ങാവുന്നതാണ്. ആര്‍സിസിയില്‍ എത്താന്‍ കഴിയാത്തവരാണെങ്കില്‍ ഡോക്ടറുടെ കുറിപ്പടിയും രേഖകളും വിലയും അയച്ചാല്‍ ഫയര്‍ഫോഴ്സ്-സന്നദ്ധ സേന മുഖേന മരുന്ന് എത്തിച്ചുനല്‍കും.
ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്കായി ‘പ്രശാന്തി’ എന്ന പേരില്‍ പുതിയ പദ്ധതി പൊലീസ് നടപ്പാക്കും. ഒറ്റപ്പെടല്‍, ജീവിതശൈലീ രോഗങ്ങള്‍, മരുന്നിന്‍റെ ലഭ്യത സംബന്ധിച്ച ആശങ്ക എന്നിങ്ങനെ വയോജനങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്‍ററും സജ്ജീകരിച്ചിട്ടുണ്ട്.
നാളെ മുതല്‍ ചൊവ്വാഴ്ചവരെ അറുപതു മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ ശക്തിപ്പെടുത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലകളിലെ പൊലീസ് പരിശോധന ശക്തിപ്പെടുത്തും. ഈ ദിവസങ്ങളില്‍ തമിഴ്നാട്ടിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.
ലോക്ക്ഡൗണില്‍ കേന്ദ്രം ഇളവുകള്‍ വരുത്തിയ സാഹചര്യത്തില്‍ ശാരീരിക അകലം പാലിക്കുന്നതിന് കൂടുതല്‍ ഇടപെടല്‍ വേണ്ടതുണ്ട്. തുറക്കുന്ന സ്ഥാപനങ്ങളെ ഇക്കാര്യത്തില്‍ പൊലീസ് സഹായിക്കും.
ആശുപത്രികള്‍, ഡോക്ടര്‍മാര്‍, രോഗികളുടെ ബന്ധുക്കള്‍ എന്നിവരില്‍ നിന്ന് മരുന്നുകള്‍ ശേഖരിച്ച് കേരളത്തില്‍ എവിടെയുമുള്ള രോഗികള്‍ക്ക് എത്തിച്ചു കൊടുക്കുന്ന സംവിധാനം പൊലീസ് വിജയകരമായി നടപ്പാക്കി വരികയാണ്. ഇതിന്‍റെ സംസ്ഥാനതല ഏകോപനം നിര്‍വഹിക്കുന്നതിന് ക്രൈംബ്രാഞ്ച് മേധാവിയെ ചുമതലപ്പെടുത്തി. ഇക്കാര്യത്തില്‍ ഫയര്‍ഫോഴ്സ് നടത്തുന്ന സേവനങ്ങളും എടുത്തുപറയേണ്ടതാണ്.
റെഡ്സോണിലെ ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ കാസര്‍കോട് ജില്ലയില്‍ നടപ്പാക്കിയതുപോലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. അവശ്യസാധനങ്ങള്‍ പൊലീസ് വാങ്ങി വീടുകളില്‍ എത്തിക്കും. മറ്റു ഹോട്ട്സ്പോട്ട് മേഖലകള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയില്‍ കൂടി മാത്രമാക്കിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ പരിശോധനയ്ക്കു നിയോഗിച്ചു.
സംസ്ഥാനത്തേക്കുള്ള ചരക്കുനീക്കത്തില്‍ പ്രശ്നങ്ങളില്ല. ഇന്നലെ 2509 ട്രക്കുകള്‍ വന്നു.
കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് അതത് സമയം തന്നെ വില കൊടുക്കേണ്ടതുണ്ട്. വിളവെടുപ്പും കൃഷിയും ജീവിതവും പ്രയാസമായ ഘട്ടത്തില്‍ ഇത് പ്രധാനമാണ്. കൃഷി സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ കഴിയാത്ത സാഹചര്യവും ഒഴിവാക്കണം.
ഇന്ന് മാധ്യമങ്ങളില്‍ കണ്ട ഒരു ഗൗരവമുള്ള വിഷയം കോവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ ശമ്പളത്തില്‍ ഒരു ഭാഗം മാറ്റിവെക്കാനുള്ള ഉത്തരവ് ചിലര്‍ കത്തിച്ചതാണ്. അത് കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് തിരുവനന്തപുരം വ്ളാത്താങ്കരയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശിനെയാണ്. ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും സംഭാവന സ്വീകരിക്കാനുള്ള ഒരു പ്രൊജക്ടുമായാണ് ആ കൊച്ചു മിടുക്കന്‍ കഴിഞ്ഞ ആഗസ്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. അഞ്ചാം ക്ലാസു മുതല്‍ ആദര്‍ശ് മുടക്കമില്ലാതെ സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കുന്നു. ദുരിതം അനുഭവിക്കുന്നവരെ കുറിച്ചുള്ള കുട്ടികളുടെ കരുതല്‍ എത്ര വലുതാണ് തെളിയിക്കുന്ന അനുഭവമായിരുന്നു അത്.
വിഷുവിന് തലേ ദിവസം വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാമോ എന്ന് കുട്ടികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. നമ്മുടെ കുട്ടികള്‍ അത് രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. അവര്‍ക്ക് കിട്ടിയ കൈനീട്ടം സന്തോഷത്തോടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ആ കുട്ടികളുടെ പേരു വിവരം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് കുഞ്ഞുമനസ്സുകളുടെ വലുപ്പം ഈ ലോകം അറിയണമെന്നതു കൊണ്ടാണ്.
വിഷുകൈന്നീട്ടവും കളിപ്പാട്ടങ്ങള്‍ വാങ്ങാനുള്ള പണവും കുട്ടികള്‍ നല്‍കുമ്പോള്‍ റമദാന്‍ കാലത്തെ ദാനധര്‍മാദികള്‍ക്ക് നീക്കിവെച്ച പണത്തില്‍ ഒരു പങ്ക് ദുരിതാശ്വാസത്തിനു നല്‍കുന്ന സുമനസ്സുകളുണ്ട്. പൊലീസ് ജീപ്പ് കൈനീട്ടിനിര്‍ത്തി തന്‍റെ പെന്‍ഷന്‍ തുക ഏല്‍പിച്ച അമ്മയുടെ കഥ നാം കഴിഞ്ഞദിവസം പറഞ്ഞു.
ഇന്ന് ഉണ്ടായ ഒരു അനുഭവം തന്‍റെ ആടിനെ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയ കൊല്ലത്തെ സുബൈദയുടേതാണ്. ചെറു ചായക്കട നടത്തുന്ന സുബൈദ ആടിനെ വിറ്റുകിട്ടിയ തുകയില്‍നിന്ന് അത്യാവശ്യ കടങ്ങള്‍ തീര്‍ത്ത് 5510 രൂപയാണ് കൈമാറിയത്. കുരുമുളക് വിറ്റ് പണം നല്‍കിയവരുണ്ട്. എന്തിന് തങ്ങളുടെ സ്പെഷ്യല്‍ മീല്‍ വേണ്ട എന്നുവെച്ച് അതിന്‍റെ തുക സന്തോഷപൂര്‍വം നല്‍കിയ ത്വക്ക്രോഗ ആശുപത്രിയിലെ അന്തേവാസികളുണ്ട്.
ഇവരൊന്നും എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിച്ചല്ല ഇതു ചെയുന്നത്. ഇത് തിരിച്ചുകിട്ടുമെന്നു കരുതിയല്ല. ഇത് മനോഭാവത്തിന്‍റെ പ്രശ്നമാണ്. ഏത് പ്രയാസ ഘട്ടത്തിലും സഹജീവികളോട് കരുതല്‍ വേണം എന്ന മാനസിക അവസ്ഥയാണ് നമ്മുടെ നാട്ടിലെ ആബാലവൃദ്ധത്തെയും നയിക്കുന്നത്.
സഹജീവികളോടുള്ള കരുതല്‍ വേണ്ടത്ര ഉള്ളവര്‍ തന്നെയാണ് നമ്മുടെ ജീവനക്കാരും അധ്യാപകരും. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അവര്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഒരേ മനസോടെ ഉദ്യാഗസ്ഥ സമൂഹം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്. അവര്‍ക്ക് ഇപ്പോഴത്തെ പ്രതിസന്ധിയെ കുറിച്ച് നല്ല ഗ്രാഹ്യം ഉണ്ടാവും. അതുകൊണ്ടാണ് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നതിനു മുമ്പുതന്നെ പലരും സ്വന്തമായി തീരുമാനമെടുത്ത് ശമ്പളം സംഭാവന നല്‍കുമെന്ന് പ്രാഖ്യാപിച്ചതും അങ്ങനെ ചെയ്തതും.
2018ലെ പ്രളയ സമയത്ത് സാലറി ചലഞ്ച് പ്രഖ്യാപിച്ചപ്പോള്‍ പല ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ടെങ്കിലും തങ്ങള്‍ ദുരിതം അനുഭവിക്കുന്ന ജനതയ്ക്കൊപ്പമെന്ന് പ്രഖ്യാപിച്ച് സ്വമേധയാ ആയിരങ്ങള്‍ ഏറ്റെടുത്തു. ഇത്തവണ ആറുദിവസത്തെ ശമ്പളം വീതം അഞ്ചുമാസം മാറ്റിവെക്കണമെന്നാണ് അവരോട് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ കടുത്ത സാമ്പത്തികമായി പ്രതിസന്ധിയിലായതുകൊണ്ടാണ് ഇത്.
അതും സമ്മതിക്കില്ല എന്നാണ് ഒരു ന്യൂനപക്ഷത്തിന്‍റെ കാഴ്ചപ്പാട്. അതിന്‍റെ ഏറ്റവും മോശമായ പ്രകടനമാണ് ഉത്തരവ് കത്തിക്കുന്നതിലൂടെ അവര്‍ നടത്തുന്നത്. വേലയും കൂലിയും ഇല്ലാതെ കഷ്ടപ്പെടുന്ന ഒരു ജനത നമ്മോടൊപ്പമുണ്ട് എന്ന് ഈ എതിര്‍പ്പ് ഉയര്‍ത്തുന്നവര്‍ ഓര്‍ക്കുന്നത് നല്ലതാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നമുക്ക് ഇനിയും ഏറെ സഞ്ചരിക്കാനുണ്ട് എന്ന് അവരെ ഓര്‍മിപ്പിക്കുന്നു.
കഴിഞ്ഞ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഏറ്റവും ആവേശത്തോടെയും നിശ്ചയദാര്‍ഢ്യ ത്തോടെയും സഹായം നല്‍കാന്‍ മുന്നോട്ടുവന്നത് നമ്മുടെ നാട്ടിലെ വയോജനങ്ങളാണ്. ഒരുമാസത്തെയും ഒരു വര്‍ഷത്തെയും പെന്‍ഷന്‍ തുക കൈമാറാന്‍ നിരവധി പേര്‍ തയ്യാറായി. പ്രളയ പ്രതിരോധത്തില്‍ മുന്നിട്ടിറങ്ങാനും മുതിര്‍ന്ന പൗരന്മാരും പെന്‍ഷന്‍കാരും ഉണ്ടായി.
ഇപ്പോള്‍ ഈ കോവിഡ് കാലത്ത് വയോജനങ്ങള്‍ പുറത്തിറങ്ങരുത് എന്നാണ് നിഷ്കര്‍ഷിക്കുന്നത്. പ്രായം ചെന്നവര്‍ക്ക് രോഗബാധാ സാധ്യത കൂടുതലാണ്. ഇവിടെ ഇപ്പോള്‍ അവരോട് അഭ്യര്‍ത്ഥിക്കാനുള്ളത് വീടുകളില്‍ തന്നെ കഴിയണം എന്നതിനൊപ്പം നിങ്ങളുടെ സഹായം നാടിന് നല്‍കണം എന്നതാണ്.