കൊവിഡ് നിയന്ത്രണം:ജില്ലയില്‍ 93 സെക്ടര്‍ ഓഫീസര്‍മാരെ നിയമിച്ചു
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 93 ഗസറ്റഡ് ഓഫീസര്‍മാരെ സെക്ടര്‍ ഓഫീസര്‍മാരായി നിയമിച്ച് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായാണ് തദ്ദേശ സ്ഥാപന തലത്തില്‍ സെക്ടര്‍ ഓഫീസര്‍മാരെ നിയമിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നാല്, നഗരസഭകളില്‍ രണ്ട്, പഞ്ചായത്തുകളില്‍ ഒന്ന് എന്നിങ്ങനെ 93 ഓഫീസര്‍മാര്‍ക്കാണ് ചുമതല. സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരങ്ങളോടെയാണ് നിയമനം. കൊവിഡ് വ്യാപനം തടയാനായി നിലവിലുള്ള ആരോഗ്യം, റവന്യൂ, പോലീസ്, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരടങ്ങിയ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനാണ് സെക്ടര്‍ ഓഫീസര്‍മാരെ നിയമിച്ചത്. മാസ്‌ക് ധാരണം, സാമൂഹ്യ അകലം പാലിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയ ബ്രേക്ക് ദി ചെയിന്‍ ക്യാംപയിന്‍ ശക്തിപ്പെടുത്തുക, ക്വാറന്റൈന്‍ നടപടികള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക, വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, വിവാഹം, മരണാനന്തര ചടങ്ങുകള്‍, പൊതു പരിപാടികള്‍ തുടങ്ങിയ ഇടങ്ങളില്‍ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് സെക്ടര്‍ ഓഫീസര്‍മാരുടെ ചുമതല. ചുമതല ഏല്‍പ്പിക്കപ്പെടുന്ന ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് അവരുടെ കീഴിലെ ജീവനക്കാരെയും സംവിധാനങ്ങളെയും പരിശോധനകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കാം.തങ്ങളുടെ അധികാര പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളിലെ റിപ്പോര്‍ട്ടുകള്‍ ജില്ലാകലക്ടറെ കൃത്യമായി അറിയിക്കണം. ജില്ലാ പോലീസിന്റെയും ജില്ലാ സര്‍വൈലന്‍സ് ഓഫീസറുടെയും സഹായം ഇവര്‍ക്കു ലഭിക്കുമെന്നും ഓരോ പ്രദേശങ്ങളിലും ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുമെന്നും ഉത്തരവിലുണ്ട്.