ജില്ലയിലെ കോവിഡ് നിയന്ത്രണ നടപടികള്‍ ഫലപ്രദം- മന്ത്രി ടി.പി രാമകൃഷ്ണന്‍

0 244

ജില്ലയിലെ കോവിഡ് നിയന്ത്രണ നടപടികള്‍ ഫലപ്രദം- മന്ത്രി ടി.പി രാമകൃഷ്ണന്‍

വയനാട് ജില്ലയില്‍ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റും നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് നിയന്ത്രണ നടപടികള്‍ ഫലപ്രദമാണെന്ന് തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കലക്ട്രേറ്റില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. ജില്ലയിലിപ്പോള്‍ ദിനംപ്രതി ശരാശരി 1350 പേരെ കോവിഡ് പരിശോധിക്കാന്‍ കഴിയുന്നുണ്ട്. ആവശ്യാനുസരണം പരിശോധന ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആറ് സ്വകാര്യ ലാബുകളില്‍ പരിശോധനാ സൗകര്യമായിട്ടുണ്ട്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വൈകാതെ ആര്‍.ടി.പി.സി.ആര്‍ ലാബ് ആരംഭിക്കും.

രോഗവ്യാപനം നിയന്ത്രിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജില്ലയില്‍ 32 കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലായി 3573 ബെഡുകള്‍ സജ്ജമായി. 62 സി.എഫ്.എല്‍.ടി.സി കേന്ദ്രങ്ങളിലായി 7465 ബെഡുകള്‍ ലഭ്യമാകത്തക്കരീതിയിലുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. 30 ആദിവാസികള്‍ക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. എല്ലാവരും രോഗമുക്തരായി. കൂടുതല്‍ ആദിവാസികള്‍ക്ക് വരാതിരിക്കാനുളള ജാഗ്രത പുലര്‍ത്തുന്നു. പട്ടിക വര്‍ഗ കോളനികളെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ട്രൈബല്‍ വകുപ്പ്, ജനമൈത്രി പോലീസ്, ജനമൈത്രി എക്സൈസ്, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവരെ ഉപയോഗപ്പെടുത്തി കൂടുതല്‍ കാര്യക്ഷമമാക്കണം.

ജില്ലയില്‍ കോവിഡ് പ്രതിരോധത്തിനായി ആയുര്‍വ്വേദ, ഹോമിയോ മരുന്നുകളും വളരെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. എലിപ്പനിയും ഡെങ്കുപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ആരോഗ്യവകുപ്പ് വളരെ ശക്തമായിത്തന്നെ ഈ കാര്യത്തില്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും മന്ത്രി അവലോകന യോഗത്തില്‍ പറഞ്ഞു.

ഓണക്കാലമായതിനാല്‍ ചെക്ക് പോസ്റ്റുകള്‍ വഴി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് ലഹരി പദാര്‍ത്ഥങ്ങളും മറ്റ് വസ്തുക്കളും കടത്തിക്കൊണ്ടുവരാന്‍ സാധ്യതയുണ്ട് ഈ സാഹചര്യം പരിഗണിച്ച് ചെക്പോസ്റ്റുകളില്‍ പോലീസും എക്സൈസും കൂടുതല്‍ ശക്തമായ പരിശോധന നടത്തുന്നതിനുള്ള ക്രമീകരണ ഒരുക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കുഴല്‍പ്പണവും സ്വര്‍ണ കള്ളക്കടത്തും കോവിഡിനിടയില്‍ നടക്കുന്നതും പരിശോധിക്കണം.

കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള, സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ.ബല്‍പ്രീത് സിംഗ്, ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ, എ.ഡി.എം മുഹമ്മദ് യൂസുഫ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.