രാജ്യത്തെ കോവിഡ് മരണം ഒരു ലക്ഷം കടന്നു

0 943

രാജ്യത്തെ കോവിഡ് മരണം ഒരു ലക്ഷം കടന്നു

 

രാജ്യത്തെ കോവിഡ് മരണം ഒരു ലക്ഷം കടന്നു. ഒരു ലക്ഷത്തിലധികം കോവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ വീണ്ടും ആയിരത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 80000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകൾ 64.5 ലക്ഷവും കടന്നു. ഒമ്പതര ലക്ഷത്തിൽ താഴെ പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

മാർച്ച്‌ 13 നാണ്‌ രാജ്യത്ത്‌ ആദ്യ കോവിഡ്‌ മരണം റിപ്പോർട്ടുചെയ്‌തത്‌. 125 ദിവസത്തിന് ശേഷം ജൂലൈ 16 ന്‌ കോവിഡ്‌ മരണം 25,000മായി. ഒരുമാസത്തിന് ശേഷം ആഗസ്‌ത്‌ 15 ന്‌ മരണം അരലക്ഷമായി. തുടർന്ന്‌ 25 ദിവസം കൊണ്ടാണ്, സെപ്‌തംബർ 09 ന്‌ കോവിഡ് മരണം 75,000 ആകുന്നത്. ഇപ്പോഴിതാ കോവിഡ് മരണം ഒരു ലക്ഷം കടന്നിരിക്കുകയാണ്.

ഇതോടെ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പത്തിലൊന്നും ഇന്ത്യക്കാരായി. കഴിഞ്ഞ ദിവസമാണ് ലോകത്ത് ആകെ മരിച്ചവരുടെ എണ്ണം 10 ലക്ഷമായത്. കഴിഞ്ഞ ഒരു മാസമായി ഇന്ത്യയില്‍ പ്രതിദിന മരണ നിരക്ക് ആയിരത്തിലേറെയാണ്.

അമേരിക്കയും ബ്രസീലുമാണ് കോവിഡ് മരണത്തില്‍ ഇന്ത്യയ്ക്കു മുന്നിൽ. അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതൽ രോഗബാധിതരുള്ളതും ഇന്ത്യയിലാണ്. രോഗബാധിതരുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് ബ്രസീല്‍. പക്ഷേ, രോഗമുക്തരുടെ എണ്ണത്തിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.