ടാറ്റ ഗ്രൂപ്പ് നിര്‍മിച്ച് സര്‍ക്കാരിന് കൈമാറിയ കൊവിഡ് ആശുപത്രിയിലേക്ക് തസ്തികകള്‍ സൃഷ്ടിച്ചു

0 632

ടാറ്റ ഗ്രൂപ്പ് നിര്‍മിച്ച് സര്‍ക്കാരിന് കൈമാറിയ കൊവിഡ് ആശുപത്രിയിലേക്ക് തസ്തികകള്‍ സൃഷ്ടിച്ചു

 

കാസര്‍ഗോഡ് ജില്ലയില്‍ ടാറ്റ ഗ്രൂപ്പ് നിര്‍മിച്ച് സര്‍ക്കാരിന് കൈമാറിയ കൊവിഡ് ആശുപത്രിയിലേക്ക് തസ്തികകള്‍ സൃഷ്ടിച്ചു. 191 പുതിയ തസ്തികകളിലായി ഒരു വര്‍ഷത്തേക്ക് താത്കാലികമായോ ഡെപ്യൂട്ടേഷനിലൂടെയോ ആണ് അടിയന്തരമായി ജീവനക്കാരെ നിയമിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിന് പ്രഖ്യാപനം നടന്ന് സെപ്തംബര്‍ ഒന്‍പതിന് സര്‍ക്കാരിന് കൈമാറിയ കൊവിഡ് ആശുപത്രിയില്‍ വാര്‍ത്തകള്‍ക്ക് ശേഷമാണ് ജീവനക്കാരുടെ നിയമന കാര്യത്തില്‍ തീരുമാനമാകുന്നത്. കാസര്‍ഗോഡ് ജനറല്‍ ആശുപ്രതിയോടനുബന്ധിച്ചുള്ള സ്‌പെഷാലിറ്റി സംവിധാനങ്ങളുള്ള കൊവിഡ് ആശുപത്രിയായാണ് ഇതിനെ മാറ്റുന്നത്. ആദ്യ ഘട്ടത്തില്‍ ആവശ്യമായ മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലേക്കുള്ള ജീവനക്കാരുടെ തസ്തികകളാണ് സൃഷ്ടിച്ചത്.

പ്രീ ഫാബ് മാതൃകയില്‍ 128 കണ്ടെയ്‌നറുകളില്‍ 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഇതില്‍ എയര്‍ലോക്ക് സിസ്റ്റത്തില്‍ 36 വെന്റിലേറ്റര്‍ കിടക്കകള്‍ ഉള്‍പ്പെടുന്ന യൂണിറ്റാണ് സൂപ്പര്‍ സ്‌പെഷാലിറ്റി സംവിധാനങ്ങളുള്ള ആശുപത്രിയാക്കാന്‍ തീരുമാനിച്ചത്. ഇതിനാവശ്യമായ 191 തസ്തികകളാണ് സൃഷ്ടിച്ചത്.
സൂപ്രണ്ട്, ആര്‍എംഒ, ജൂനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, അസി. സര്‍ജന്‍, നഴ്‌സിംഗ് ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, റേഡിയോഗ്രാഫര്‍, ഇസിജി ടെക്‌നീഷ്യന്‍ തുടങ്ങി 27 വിവിധ വിഭാഗങ്ങളിലാണ് നിയമനം നടക്കുക.

അതേസമയം, കൊവിഡ് ആശുപത്രിയില്‍ ഓരോ യൂണിറ്റിലേക്കും ആവശ്യമായ ഓക്‌സിജന്‍ എത്തിക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കൂടുതല്‍ വൈദ്യുതി ലഭിക്കുന്നതിനുള്ള സംവിധാനങ്ങളും മറ്റ് സജ്ജീകരണങ്ങളും ഉള്‍പ്പെടെ പൂര്‍ത്തിയായി നിയമനം നടക്കാന്‍ ഇനിയും കാലതാമസം ഉണ്ടായേക്കും.