ലോക്ക്ഡൗൺ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച കർമ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് . പതിനഞ്ചുദിവസത്തെ ഇടവേളയിൽ മൂന്നുഘട്ടമായേ നിയന്ത്രണങ്ങൾ പിൻവലിക്കാവൂഎന്നാണ് നിർദേശം. ആദ്യഘട്ടത്തിൽ ഒരു വീട്ടിൽനിന്ന് ഒരാളെ മാത്രമേ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ അനുവദിക്കാവൂ എന്നും മൂന്നുമണിക്കൂറിനകം തിരിച്ചുവരണമെന്നും ശുപാർശയിൽ പറയുന്നു. മുഖാവരണവും തിരിച്ചറിയൽ രേഖയും പുറത്തിറങ്ങുന്നവർ ഉറപ്പാക്കണം.
സംസ്ഥാനത്ത് ലോക്ക്ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14നു ശേഷം എന്തുവേണമെന്ന് പഠിക്കാൻ നിയോഗിച്ച കർമസമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചിച്ചത്. 15 ദിവസത്തെ ഇടവേളയിൽ മൂന്നുഘട്ടമായി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കുറച്ചുകൊണ്ടുവരാമെന്ന് റിപ്പോർട്ട് പറയുന്നു. ഓരോ ഘട്ടത്തിനും പ്രത്യേകം മാനദണ്ഡങ്ങളുണ്ടാകും.
ഒന്നാംഘട്ടത്തിൽ ഏപ്രിൽ ഏഴുമുതൽ 13 വരെയുള്ള വിലയിരുത്തൽ കാലത്ത് ഒരു പുതിയ രോഗിപോലും ആ ജില്ലയിലുണ്ടാകരുത്. ഈ കാലത്ത് ജില്ലയിൽ വീട്ടിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം പത്തുശതമാനത്തിൽ കൂടരുത്. ജില്ലയിൽ ഒരിടത്തും ഹോട്ടസ്പോട്ടുകൾ ഉണ്ടാകരുത്.
ഒന്നാംഘട്ടത്തിൽ വീടിനു പുറത്തേക്ക് ഇറങ്ങുന്നതിന് ആളുകൾക്ക് തടസ്സമില്ല. എന്നാൽ മാസ്ക് നിർബന്ധമായി ധരിച്ചിരിക്കണം. തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം. ഒരു വീട്ടിൽനിന്ന് ഒരാൾക്കേ പുറത്തിറങ്ങാനാകൂ. മൂന്നുമണിക്കൂറേ ഇവർക്ക് വീടിനു പുറത്ത് ചിലവഴിക്കാനാകൂ. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുന്നതിന് തടസ്സമില്ല. എന്നാൽ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നു.
ആരോഗ്യപ്രവർത്തകരെയും മറ്റും കൊണ്ടുപോകുന്ന ബസുകളിൽ ആളുകളെ നിർത്തിക്കൊണ്ടുപോകരുത്. സീറ്റിങ് കപ്പാസിറ്റി അനുസരിച്ചേ കൊണ്ടുപോകാവൂ. 65വയസ്സിനു മുകളിൽ പ്രായമുള്ള കാൻസർ, പ്രമേഹം,രക്താതിസമ്മർദ രോഗികളെ പുറത്തുവിടരുതെന്ന് നിർദേശമുണ്ട്. ഒറ്റ-ഇരട്ട അക്കങ്ങൾ അനുസരിച്ച് സ്വകാര്യവാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ നിരത്തിലിറക്കാം.എന്നാൽ ആരാധനാലയങ്ങൾ അടച്ചിടണം. മതപരമായ ചടങ്ങുകൾ ഒഴിവാക്കണം. മരണാനന്തര ചടങ്ങുകളിൽ ആളുകൾ കൂടരുത്. റെയിൽ-വ്യോമ മാർഗത്തിൽ സംസ്ഥാനത്തേക്ക് ജനങ്ങളെ അനുവദിക്കരുത്. എയർ കണ്ടീഷൻ സൗകര്യമുള്ള മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ജൂവലറി എന്നിവ തുറന്നുപ്രവർത്തിക്കരുത്.
രണ്ടാംഘട്ടത്തിൽ പൊതുഗതാഗത സംവിധാനങ്ങൾക്ക് പ്രവർത്തിക്കാം. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കു വരെ പങ്കെടുക്കാം. അന്തർജില്ലാ ബസുകൾക്ക് സർവീസ് നടത്താം. ഓട്ടോയ്ക്കും ടാക്സികൾക്കും നിബന്ധനകളോടെ സർവീസ് നടത്താം.
മൂന്നാംഘട്ടത്തിൽ, ആ ജില്ലയിൽ ഒരു രോഗിപോലും വിലയിരുത്തൽ കാലഘട്ടത്തിൽ ഉണ്ടാകാൻ പാടില്ല. അന്തർ ജില്ലാ ബസ് സർവീസുകൾ ആരംഭിക്കാം. ആഭ്യന്തരവിമാന സർവീസുകൾ ആരംഭിക്കാം. വിദേശത്തുനിന്ന് മലയാളികളെ കൊണ്ടുവരാം. മറ്റ് യാത്രികരെ ഒഴിവാക്കാം. മാളുകളും ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾക്കും നിയന്ത്രണങ്ങളോടെ പ്രവർത്തിപ്പിക്കാം. ബെവ്കോയ്ക്ക് ഓൺലൈൻ വഴി മദ്യം വിൽക്കാം. വിവാഹത്തിനും മരണാന്തര ചടങ്ങുകൾക്കും മൂന്നാംഘട്ടത്തിലും നിയന്ത്രണങ്ങൾ ഉണ്ടാകും.