ഗള്‍ഫില്‍ മേഖലയിൽ കൊവിഡ് പടരുന്നു; രോഗബാധിതര്‍ കാല്‍ലക്ഷം കടന്നു

0 1,058

ഗള്‍ഫില്‍ മേഖലയിൽ കൊവിഡ് പടരുന്നു; രോഗബാധിതര്‍ കാല്‍ലക്ഷം കടന്നു

ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കാല്‍ലക്ഷം കടന്നു. സൗദിയില്‍ 24 മണിക്കൂറിനിടെ 1088 പേര്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. സൗദി അറേബ്യയില്‍ രണ്ടു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2220 പേര്‍ക്കാണ്. അഞ്ചുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 97ആയി. മരിച്ച അഞ്ചുപേരും വിദേശികളാണ്.

സൗദിയിലെ ആകെ രോഗബാധിതരുടെ എണ്ണം 9362 ആയി. ഇതില്‍ 83 ശതമാനവും വിദേശികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. യുഎഇയില്‍ ഇന്ന് 479 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു നാലുപേര്‍ മരിച്ചു. കുവൈത്ത് 1751, ഖത്തറ് 5008, ഒമാന്‍ 1266, ബഹ്‌റൈന്‍ 1019 എന്നിങ്ങനെയാണ് നിലവില്‍ വിവധ ഗള്‍ഫ് രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം.

ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാരോട് ഉള്ളസ്ഥലത്തുതുടരാന്‍ കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ യുഎഇയില്‍ കുടുങ്ങിയ 22,900 വിദേശികള്‍ ഇതിനോടകം രാജ്യം വിട്ടതായി വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. കര, വ്യോമ മാര്‍ഗങ്ങളിലൂടെയാണ് പ്രവാസികള്‍ മടങ്ങിയത്. 5185 പേര്‍ യുഎഇയുടെ ദേശീയ വിമാനക്കമ്പനികളെ ആശ്രയിച്ചു.

ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുന്ന കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു. രാജ്യത്തെ രോഗബാധിതരില്‍ 1085 പേര്‍ ഇന്ത്യക്കാരാണ്. അതേസമയം കുവൈത്തില്‍ പൊതുമാപ്പ് രജിസ്റ്റര്‍ ചെയ്യാനെത്തുന്ന ഇന്ത്യക്കാരുടെ തിരക്ക് തുടരുകയാണ്.

പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവരെ മെയ് 5 മുതല്‍ കുവൈത്ത് എയര്‍വേസിലും ജെസ്സീറ എയര്‍വേസിലും സൗജന്യമായി ഇന്ത്യയിലെത്തിക്കും. ഇത് സംബന്ധിച്ചു കുവൈത്ത് -ഇന്ത്യ വിദേശകാര്യ മന്ത്രാലയ തലത്തില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.