കൊവിഡ്: കണ്ണൂർ നൽകുന്ന പ്രാഥമിക പാഠങ്ങൾ
ജില്ലയില്‍ 104 കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും സമൂഹവ്യാപനമില്ലെന്നതിനാല്‍ ആശങ്ക വേണ്ടതില്ല. നിലവില്‍ പോസിറ്റീവ് ആയ കേസുകളില്‍ 81ഉം വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തയാളും. 22 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗബാധയുണ്ടായത്. ഇവരാകട്ടെ കുടുംബാംഗങ്ങളുമാണ്. 63 പേര്‍ രോഗ ലക്ഷണമില്ലാത്തവരാണ് പരിശോധനയില്‍ പോസിറ്റീവ് ആയത്. ഇവരില്‍ 53 പേരും വിദേശത്ത് നിന്ന് എത്തിയതാണ്. ലക്ഷണമില്ലാത്തവരെ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചതിന്റെ ഫലമായാണ് ഈ കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞത്.
ഒരു വീട്ടിലെ 10 പേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധയുണ്ടായതിനെ തുടര്‍ന്നായിരുന്നു ജില്ലയില്‍ വലിയ തോതില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. മാര്‍ച്ച് 12നും മാർച്ച് 22നും ഇടയില്‍ നാട്ടിലേക്ക് വന്ന പ്രവാസികളെയും അവരുടെ ഹൈറിസ്‌ക്ക് കോണ്‍ടാക്ടിലുള്ളവരുമായ മുഴുവന്‍ പേരുടയും സാമ്പിള്‍ പരിശോധിക്കാനാണ് നടപടിയെടുത്തത്. ഇതുപ്രകാരം 2342 സാമ്പിളാണ് ജില്ലയില്‍ ആകെ പരിശോധനക്ക് അയച്ചത്. ഇതില്‍ 214 പേരുടെ ഫലമാണ് ഇനി വരാന്‍ ബാക്കിയുള്ളത്. ഇതില്‍ 12 മുതല്‍ 15 വരെ പോസിറ്റീവ് കേസുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ഈ ഫലം കൂടി വരുന്നതോടെ കണ്ണൂര്‍ ജില്ലയിലെ പരിശോധന ഫലം പൂര്‍ണമാകും.
എല്ലാ സാധ്യതയും പരിഗണിച്ച് പൂര്‍ണമായ പരിശോധന നടത്താന്‍ കഴിഞ്ഞുവെന്നതിനാല്‍ രോഗവ്യാപനം സംബന്ധിച്ച് ഇനി ആശങ്ക വേണ്ടതില്ല. അതേ സമയം കുറച്ച് കൂടി ജാഗ്രത ആവശ്യം. 14 ദിവസത്തെ നിരീക്ഷണമാണ് ആഗോള തലത്തില്‍ സ്വീകരിക്കപ്പെടുന്ന രീതിയെങ്കിലും നാട്ടിലെത്തി 28 ദിവസം പിന്നിട്ടവരില്‍ പോലും രോഗബാധ കണ്ടെത്താനായി എന്നതും ശ്രദ്ധേയമാണ്. 14നും 28നും ഇടയിലുള്ള ദിവസങ്ങളിലാണ് 14 പേരില്‍ രോഗബാധ കണ്ടെത്തിയത്. 15 പേര്‍ക്കാകട്ടെ 28 ദിവസത്തിന് ശേഷമാണ് രോഗം കണ്ടെത്തിയതെന്നതും പ്രത്യേകതയാണ്. 28 ദിവസത്തിനുശേഷം രോഗം പകരാനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇവിടെയാണ് റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പിലാക്കുന്നതിൻ്റെ പ്രാധാന്യം കാണിക്കുന്നത്. പ്രായം ചെന്നവരും മറ്റ് രോഗമുള്ളവരും കുഞ്ഞുങ്ങളും ഗർഭിണികളും ഉണ്ടെങ്കില്‍ അവര്‍ ക്വാറൻറ യിൻ രീതി തുടർന്ന് സുരക്ഷിതരായി ഇരിക്കുകയാണ് റിവേഴ്‌സ് ക്വാറന്റൈന്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
എന്തായാലും ഇവരെയെല്ലാം പരിശോധിക്കാന്‍ കൈക്കൊണ്ട തീരുമാനം രോഗവ്യാപനം തടയാന്‍ സഹായകമായി എന്നത് വലിയ ആശ്വാസമാണ് നല്‍കുന്നത്.
ഇതൊരു പുതിയ വൈറസാണ് ചില പുതിയ നിഗമനങ്ങൾ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടായിട്ടുണ്ട്.ജില്ലയിലെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ നമുക്ക് നല്‍കുന്ന ചില അനുഭവങ്ങളും പാഠങ്ങളുമുണ്ട്.
1) മികച്ച രീതിയിലുളള സര്‍വയലന്‍സ് പ്രവര്‍ത്തനത്തിന്റെ ഫലമാണ് ജില്ലയില്‍ ഇത്രയും കേസുകള്‍ കണ്ടെത്തിത്. എയർപ്പോർട്ട് 73,9ll പേർ, റെയിൽവേ സ്റ്റേഷൻ 13213 പേർ ,ബസ്സ് സ്റ്റേഷൻ 496 പേർ, ചെക്ക് പോസ്റ്റ് 22 047 പേർ എന്നിങ്ങനെ Screen ചെയ്ത് 165l4 പേരെ ഹോം ഐസൊലേഷനും 725 പേരെ ഹോസ്പിറ്റലുകളിലുമാക്കി. ഇന്നത് യഥാക്രമം 4263 ഉം 102 ഉം ആണ്. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജു കൂടി ഏറ്റെടുത്തതോടെ രണ്ട് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ ഇവർക്ക് ഫലപ്രദമായ ചികിത്സ ഉറപ്പാക്കി.
2) ആരോഗ്യ പ്രവര്‍ത്തകരായ ആര്‍ക്കും രോഗബാധയുണ്ടയില്ല എന്നതും വലിയ നേട്ടമാണ്.
3) സാമൂഹ്യ വ്യാപനം ഇല്ലാതെ കാക്കാനും കഴിഞ്ഞു.
4) ജില്ലയില്‍ മരണം ഉണ്ടായില്ലെന്നതും മികച്ച ചികിത്സയുടെയും പ്രവര്‍ത്തനത്തിന്റെയും ഫലമാണ്.
5)എന്നാല്‍ ചില പാഠങ്ങള്‍ ഭാവി പ്രവര്‍ത്തനങ്ങളില്‍ നമ്മളെ കൂടുതല്‍ ജാഗ്രതപുലര്‍ത്താന്‍ പ്രേരിപ്പിക്കുന്നവയാണ്. അതിലൊന്ന് ഹോം ക്വാറന്റൈന്‍ ചിലയിടങ്ങളിൽ പൂര്‍ണമായി ഫലപ്രദമായില്ല എന്നതാണ്. പകരം ഏതെങ്കിലും കേന്ദ്രത്തില്‍ പ്രത്യേക സംവിധാനം ഒരുക്കുന്നതാണോ ഉചിതം എന്ന് ആലോചിക്കേണ്ടി വരും. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ കുറച്ചു ദിവസം തുടരേണ്ടി വരും.
6)അതുപോലെ റിവേഴ്‌സ് ക്വാറന്റൈന്‍ എന്നത് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന കാര്യവും കണ്ണൂരിന്റെ അനുഭവം നമുക്ക് കാണിച്ചു തരുന്നുണ്ട്.
7)ഇന്നത്തെ സാഹചര്യത്തില്‍ ആശങ്കയോ പരിഭ്രാന്തിയോ ഇല്ലാതെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങളുമായി പൂര്‍ണ മനസ്സോടെ സഹകരിച്ച് കൊവിഡ് രോഗത്തെ തുടച്ചുനീക്കാനുള്ളള പരിശ്രമങ്ങള്‍ക്ക് മുഴുവന്‍ ജനങ്ങളും പിന്തുണ നല്‍കണം.
8) ഈ രീതിയിൽ കുറച്ചു ദിവസം മുന്നോട്ടു പോയാൽ.എല്ലാവരും പെട്ടെന്ന് സുഖം പ്രാപിച്ച് Red zone സാഹചര്യം ഒഴിവാക്കാൻ കഴിയും എന്നാണ് ശുഭ പ്രതീക്ഷ.
9) നാമെല്ലാം കോവിഡ് ചരിത്രത്തിൻ്റെ ഭാഗമാണ്.ഈ കടുത്ത സാഹചര്യത്തിൽ എൻ്റെയും മറ്റു വകുപ്പുകളുടേയും സഹകരണത്തോടെ ക്രമസമാധാനം, റേഷൻ വിതരണം, ഹോം ഡെലിവറി, അതിഥി തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ, ആദിവാസി ക്ഷേമം, കമ്മ്യൂണിറ്റി അടുക്കള, ചികിത്സാ തുടങ്ങി പ്രവത്ത്നങ്ങൾക്ക് പിന്തുണ അറിയിച്ച് കടുത്ത വിഷമത്തോടെ വീട്ടിൽ കഴിഞ്ഞ നിങ്ങളെ ഓരോരുത്തരേയും സ്നേഹാദര പൂർവം സ്മരിക്കുന്നു.