കോവിഡ് പ്രതിരോധ നടപടികൾ കർശനമാക്കും – മന്ത്രി ടി.പി. രാമകൃഷ്ണന്‍
കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിൽ പ്രതിരോധ നടപടിയുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കർശനമാക്കാന്‍ ജില്ലയുടെ ചുമതലയുള്ള എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. നിലവില്‍ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും സര്‍ക്കാരും പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങള്‍ പൊതുജനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. പൊതു ഇടങ്ങളിൽ പോലീസിൻ്റെ പരിശോധന ശക്തിപ്പെടുത്തും. വിവാഹങ്ങള്‍ക്കും, മരണാനന്തര ചടങ്ങുകള്‍ക്കും മറ്റ് പൊതു പരിപാടികള്‍ക്കും അനുവദനീയമായ ആളുകളെ മാത്രമേ പങ്കെടുപ്പിക്കാന്‍ അനുവദിക്കുകയുള്ളു. ഈ കാര്യങ്ങള്‍ ഉറപ്പ് വരുത്താനായി ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കും.
കച്ചവട സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിച്ച് മാത്രമേ ആളുകളെ അനുവദിക്കുകയുള്ളു. സാനിറ്റൈസര്‍, സോപ്പ് തുടങ്ങിയവ ഇവിടങ്ങളില്‍ ക്രമീകരിക്കണം. പൊതുസ്ഥലങ്ങളിലും, വാഹന യാത്രകളിലും മാസ്‌ക്കുകള്‍ കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ മന്ത്രി പോലീസിന് നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ മറ്റ് യൂണിഫോം സേനാംഗങ്ങളെയും പോലീസ് പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാം. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് പരിശോധനകൾ കർശനമാക്കാനും മന്ത്രി നിർദ്ദേശിച്ചു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നും ആളുകൾ ജില്ലയിലെത്തി റിസോര്‍ട്ടുകളില്‍ താമസിക്കുന്നത് ഗൗരവത്തിലെടുക്ക ണമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ജില്ലയില്‍ മതിയായ ചികിത്സാ സൗകര്യങ്ങളുണ്ട്. ആവശ്യമായ തോതിൽ വെൻ്റിലേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ആശുപത്രികളിലും എഫ്.എൽ.ടി.സി കളിലും ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരെയും നിയമിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയിൽ ഒരു ഓക്‌സിജന്‍ ജനറേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ലയില്‍ കോവിഡ് പോസിറ്റീവാകു ന്നവരില്‍ കൂടുതല്‍ പേർ വീടുകളില്‍ തന്നെ ചികിത്സ തേടുന്നതിന് താത്പര്യപ്പെടുന്നതായി ഡി.എം.ഒ അറിയിച്ചു.
കളക്ടേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ, അസിസ്റ്റന്റ് കളക്ടര്‍ ഡോ. ബല്‍പ്രീത് സിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.