കോഴിക്കോട് പെൺകുട്ടികളെ കാണാതായ സംഭവം; പ്രതികളിൽ ഒരാൾ രക്ഷപ്പെട്ടു
കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ കേസിലെ പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. ഫെബിൻ റാഫി ആണ് രക്ഷപ്പെട്ടത്. ചേവായൂർ പൊലീസ് സ്റ്റേഷന്റെ പുറക് വശം വഴിയാണ് പ്രതി ഇറങ്ങി ഓടി രക്ഷപ്പെട്ടത്. അഞ്ചേകാലോടെയാണ് പ്രതികളായ ടോം തോമസ്, ഫെബിൻ റാഫി എന്നിവരെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതിന് ശേഷം കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് ഫെബിൻ രക്ഷപ്പെട്ടത്ഉടൻ തന്നെ പരിസരത്ത് പൊലീസുകാർ പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ചേവായൂർ സിഐയുടെ നേതൃത്വത്തിൽ പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ബംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം കസ്റ്റഡിയിലെടുത്ത ടോമിന്റെയും ഫെബിന്റേയും അറസ്റ്റ് രേഖപ്പെടുത്തിയത്. കൊടുങ്ങല്ലൂർ സ്വദ്ദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പോക്സോ 7, 8,വകുപ്പ്, ജുവനൈൽ ജസ്റ്റിസ് ആക്ട്’ 77 പ്രകാരമാണ് അറസ്റ്റ്.