കോഴിക്കോട് ഇരട്ട സ്ഫോടന കേസിൽ എൻഐഎക്ക് തിരിച്ചടി; തടിയന്റവിട നസീർ അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു

0 830

കോഴിക്കോട് ഇരട്ട സ്ഫോടന കേസിൽ തടിയന്റവിട നസീർ അടക്കമുള്ള പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. എൻഐഎ കോടതി വിധിച്ച ഇരട്ടജീവപര്യന്തം റദ്ദാക്കി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിധി. തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഫഫാസിനെയും വെറുതെവിട്ടത്.

2006ലാണ് കോഴിക്കോട് ഇരട്ട സ്ഫോടനം നടന്നത്. തുടർന്ന് 2009 എൻഐഎ കോടതി കേസ് ഏറ്റെടുക്കുകയായിരുന്നു. എൻഐഎ സംഘത്തിന്റെ അന്വേഷണത്തിലാണ് തടിയന്റവിട നസീർ അടക്കമുള്ള നാല് പ്രതികളെ കേസിൽ പ്രതി ചേർക്കപ്പെട്ടത്. നാലുപേരിൽ രണ്ടാം പ്രതിയേയും മൂന്നാം പ്രതിയേയും എൻഐഎ കോടതി നേരത്തെ തന്നെ കുറ്റവിമുക്തരാക്കിയിരുന്നു.

ഇന്നത്തെ കോടതിവിധിയിൽ ഒന്നാം പ്രതി തടിയന്റവിട നസീറിനേയും നാലാംപ്രതി ഫഫാസിനെയും കുറ്റവിമുക്തരാക്കുന്നതിനോടൊപ്പം തന്നെ മറ്റു പ്രതികളെ കുറ്റവിമുക്തരാക്കിയ എൻഐഎ കോടതി വിധി ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തു.