കോഴി വില കുത്തനെ ഇടിയുന്നു; കിലോയ്ക്ക് 59 രൂപ

0 420

 

കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥീരീകരിച്ച സാഹചര്യത്തില്‍ കോഴിയിറച്ചി വില കുത്തനെ ഇടിയുന്നു. ഉത്പാദനകേന്ദ്രങ്ങളില്‍ നിന്നുള്ള കോഴിക്ക് മൊത്തവില 45 രൂപ വരെ ആയി. ഉല്‍പാദകര്‍ തന്നെ ചില്ലറ വില്‍പന നടത്തുന്ന കടകളില്‍ വില 59 രൂപയാണ്. വരും ദിവസങ്ങളില്‍ ഇനിയും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് ബാധയും കോഴിയിറച്ചി വില്‍പ്പന കുറയാന്‍ കാരണമായിട്ടുണ്ട്.

തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം ഉല്‍പാദനം വര്‍ധിച്ചതോടെ വന്‍ തോതില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കോഴിയിറച്ചി എത്തുന്നതും വിലയിടിവിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. വിലയിടിച്ചില്‍ തുടര്‍ന്നാല്‍ ഉല്‍പാദന ചെലവ് പോലും ലഭിക്കാതെ കോഴി കര്‍ഷകര്‍ വന്‍ നഷ്ടത്തിലാകുന്ന സാഹചര്യമുണ്ടാകും.
ചൂട് കാലമായതിനാലും, നൊയമ്ബ് കാലമായതിനാലും മാംസാഹാരത്തിന്റെ ഉപഭോഗം കുറഞ്ഞതും വില കുറയുന്നതിനു കാരണമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലും മറ്റും വന്‍തോതില്‍ ചിക്കന്‍ കെട്ടിക്കിടക്കുന്നതായാണു കോഴിയിറച്ചി സംസ്ഥാനത്തേയ്ക്ക് ഇറക്കുന്നവര്‍ പറയുന്നത്.

ഇന്നലെ എറണാകുളം മാര്‍ക്കറ്റില്‍ 90 രൂപയായിരുന്നു ചിക്കന്‍ വില, ഇതാണ് ഇന്ന് രാവിലെ 70 രൂപയായി കുറഞ്ഞത്. രണ്ടാഴ്ച മുമ്ബ് 120 രൂപയായിരുന്ന സ്ഥാനത്തു വില ഏതാനും ദിവസങ്ങളായി കുറഞ്ഞു വരികയായിരുന്നു. കൂത്താട്ടുകുളത്ത് ഫാമില്‍ മൊത്തവില കിലോഗ്രാമിന് 45 രൂപയായി. വാളിയപ്പാടത്ത് കര്‍ഷകരുടെ കടയില്‍ ചില്ലറ വില്‍പ്പന വില 59 രൂപയാണ്. പക്ഷിപ്പനി ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്പ്രിങ് ചിക്കനും കാടയ്ക്കും താറാവിനും വില കുറയും.

Get real time updates directly on you device, subscribe now.