കെ.എസ്.ഇ.ബി. സമരം; ജീവനക്കാരുമായി നാളെ മന്ത്രിതല ചര്‍ച്ച നടത്തും

0 301

 

ചെയര്‍മാനെതിരെ സമരം തുടങ്ങിയ കെ.എസ്.ഇ.ബി. ജീവനക്കാരുമായി വൈദ്യുതി മന്ത്രി നാളെ ചര്‍ച്ച നടത്തും. ബി. അശോകനെതിരെ ജീവനക്കാര്‍ ഉന്നയിച്ച ആരോപണങ്ങളും അദ്ദേഹം ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റും ഊര്‍ജ സെക്രട്ടറി അന്വേഷിക്കും. സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് ആബ്സെന്‍റ് രേഖപ്പെടുത്താന്‍ ചെയര്‍മാന്‍ ഉത്തരവ് നല്‍കി.

വൈദ്യുതി ഭവനില്‍ എസ്.ഐ.എസ്.എഫ്. സുരക്ഷ ഏര്‍പ്പെടുത്തിയതു മുതല്‍ തുടങ്ങിയ സമരമാണെങ്കിലും സര്‍ക്കാരിന് തന്നെ നാണക്കേടായതോടെയാണ് ചര്‍ച്ചക്ക് കളമൊരുങ്ങിയത്. ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍  ഇടത് യൂണിയന്‍ തൊഴിലാളികള്‍ സമരം നടത്തുന്നത് ശരിയല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കെ.എസ്.ഇ.ബി വക ഭൂമി സൊസൈറ്റികള്‍ക്ക് ചട്ടം ലംഘിച്ച് പതിച്ചു നല്‍കിയെന്ന ചെയര്‍മാന്‍റെ എഫ്.ബി. പോസ്റ്റില്‍ മുന്‍ മന്ത്രി എം.എം. മണിയും രൂക്ഷമായി പ്രതികരിച്ചിരുന്നു. നയങ്ങള്‍ തിരുത്താന്‍ ചെയര്‍മാന്‍ ബി.അശോക് തയ്യാറാകണമെന്നാണ് സമരക്കാരുടെ ആവശ്യം. ഒപ്പം എസ്.ഐ.എസ്.എഫിനെ വൈദ്യുതി ഭവനില്‍ നിന്ന് മാറ്റണം.

ഊര്‍ജ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയോട് നിലവിലെ പ്രശ്നങ്ങള്‍ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളാല്‍ അവധിയിലുള്ള ചെയര്‍മാന്‍ ബി. അശോകനോട് മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. നാളെ ഉച്ചക്ക് രണ്ടു മണിക്കാണ് സമരക്കാരുമായി മന്ത്രി ചര്‍ച്ച നടത്തുന്നത്.