കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം: ഡ്രൈവർ അറസ്റ്റിൽ, കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യം

0 751

പാലക്കാട്: ഓട്ടത്തിനിടെ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ കെ എസ് ആർ ടി സി ഡ്രൈവർ അറസ്റ്റിലായി. പീച്ചി പട്ടിക്കാട് സ്വദേശി സി. എൽ ഔസേപ്പ് ആണ് അറസ്റ്റിലായത്. കുഴൽമന്ദം പൊലീസാണ് അറസ്റ്റ് ചെയ്തത്

കെഎസ്ആർടിസി ബസ് ഇടിച്ച്  യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ  കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ആദർശിന്റെ അച്ഛനും സബിത്തിന്റെ സഹോദരൻ കെ. ശരതും രം​ഗത്തെത്തിയിരുന്നു. നടന്നത് കൊലപാതകം തന്നെയെന്നാണ് ഇവരുടെ ആരോപണം.
‍‍‍‍
ഡ്രൈവറെ സസ്പെൻഡ് ചെയ്തത് കൊണ്ട് മാത്രം പ്രശ്നം തീരുന്നില്ല.ആനുകൂല്യങ്ങളെല്ലാം തടഞ്ഞ് സർവീസിൽ നിന്നും പിരിച്ചു വിടണം എന്നും അച്ഛൻ മോഹനൻ പ്രതികരിച്ചു.  ബസ് ഡ്രൈവറുമായി ആദർശ് തർക്കിച്ചിരുന്നതായി ചില യാത്രക്കാർ പറഞ്ഞിരുന്നു .ഇതിൻ്റെ വൈരാഗ്യമാണോ അപകടം എന്ന് പരിശോധിക്കണമെന്നും ആവശ്യമുണ്ട്.

ആദർശും കൂട്ടുകാരൻ സബിത്തും അപകടത്തിൽപ്പെട്ടത് 7-ാം തീയതി രാത്രിയാണ്. കോയമ്പത്തൂരിൽനിന്ന് വരും വഴി തൃശൂർ-പാലക്കാട് ദേശീയപാതയിൽ വച്ചാണ് അപകടം. കെ എസ് ആർടിസി ഡ്രൈവർ മനപ്പൂർവ്വം അപകടമുണ്ടാക്കിയതായി സംശയിക്കുന്നതായി അപകടത്തിൽ മരിച്ച സബിത്തിന്റെ സഹോദരൻ പറഞ്ഞു. അപകട സ്ഥലത്തിന് അഞ്ച് കിലോമീറ്റർ മുമ്പ് കെഎസ്ആർടിസി ഡ്രൈവറുമായി തർക്കമുണ്ടായതായി ചിലർ പറഞ്ഞിരുന്നു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകാൻ ആണ് ഈ കുടുംബത്തിന്റേയും തീരുമാനം

സംഭവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി ഓപ്പറേറ്റിം​ഗ് സെന്ററിലെ ഡ്രൈവറായ സി.എൽ. ഔസേപ്പിനെ സിഎംഡി സസ്പെൻഡ് ചെയ്തതിരുന്നു. അപകടത്തിൻ്റെ ദൃശ്യങ്ങൾ ബസിന് പിറകിൽ സഞ്ചരിച്ചിരുന്ന കാറിൻ്റെ ഡാഷ് ബോർഡിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ബസ് തട്ടിയാണ് യുവാക്കൾ മരിച്ചതെന്ന് വ്യക്തമായത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഔസേപ്പിനെ സസ്പെൻഡ് ചെയ്തത്.