ഡിജിറ്റൽ യാത്രാ കാർഡുകളുമായി കെഎസ്ആർടിസി

0 568

ഡിജിറ്റൽ യാത്രാ കാർഡുകളുമായി കെഎസ്ആർടിസി. ഇതിലൂടെ കൊറോണക്കാലത്ത് കറൻസി ഉപയോഗം കുറയ്‌ക്കാനാണ് കെഎസ്ആര്‍ടിസിയുടെ നീക്കം. കോവിഡ് രോഗവ്യാപന സാധ്യത കണക്കിലെടുത്ത്‌ കറൻസി ഉപയോഗം പരമാവധി കുറയ്ക്കാനാണ്‌ ഡിജിറ്റൽ കാർഡുകൾ തയ്യാറാക്കിയത്‌.

 

റീചാർജ്‌ ചെയ്യാവുന്ന യാത്രാകാർഡുകളാണ്‌ പുറത്തിറക്കിയത്‌. കെഎസ്‌ആർടിസി ചലോ എന്ന കമ്പനിയുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം–ആറ്റിങ്ങൽ, തിരുവനന്തപുരം– നെയ്യാറ്റിൻകര റൂട്ടിലാണ്‌ യാത്രാ കാർഡ്‌ ഏർപ്പെടുത്തിയത്‌.

 

കെഎസ്‌ആർടിസിയില്‍ നിന്നും സൗജന്യമായി വാങ്ങാവുന്ന കാർഡിൽ 100 രൂപ മുതൽ എത്ര രൂപ നൽകിയും ചാർജ്ജ് ചെയ്യാം. കാർഡിലെ പണം തീർന്നാൽ ബസിലെ കണ്ടക്‌ടർക്ക്‌ പണം നൽകിയും കാർഡ്‌ റീ ചാർജ്‌ ചെയ്യാം. ഡിപ്പോയിൽനിന്നും റീ ചാർജ്‌ ചെയ്യാം.

 

കാർഡ്‌ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലിന്‌ നൽകി ഉദ്‌ഘാടനം ചെയ്‌തു.  പരീക്ഷണം വിജയകരമായാൽ മറ്റ്‌ സ്ഥലങ്ങളിലേക്കും കാർഡ്‌ സംവിധാനം വ്യാപിപ്പിക്കുമെന്ന്‌ ഗതാഗത മന്ത്രി പറഞ്ഞു.