‘കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മനപ്പൂര്‍വം അപകടമുണ്ടാക്കി’ കുഴല്‍മന്ദത്ത് രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തില്‍ ദൃക്‌സാക്ഷി മൊഴി പുറത്ത്

780

പാലക്കാട് കുഴല്‍മന്ദത്ത് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തില്‍ ദൃസാക്ഷി മൊഴി നിര്‍ണ്ണായകം. ബസ് ഡ്രൈവര്‍ മനപൂര്‍വം അപകടമുണ്ടാക്കുകയായിരുന്നെന്ന് ബസിലുണ്ടായിരുന്ന യാത്രകാരന്റെ വെളിപെടുത്തല്‍. ഇടതു വശത്ത് മതിയായ സ്ഥലമുണ്ടായിട്ടും ഡ്രൈവര്‍ ബൈക്ക് യാത്രക്കാരെ അപകടപ്പെടുത്താന്‍ ബസ് ലോറിയോട് ചേര്‍ത്തെടുത്തതായി യാത്രകാരന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി

ഫെബ്രുവരി ഏഴിന് കുഴല്‍മന്ദത്തിനടുത്ത് വെള്ളപ്പാറയില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് കാവശേരി സ്വദേശി ആദര്‍ശ് മോഹനനും കാസര്‍ഗോട് സ്വദേശി സബിത്തും മരിച്ച സംഭവത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാരന്റെ വെളിപ്പെടുത്തലാണ് പൊലീസ് രേഖപെടുത്തിയത്. പാലക്കാടുനിന്നും വടക്കഞ്ചേരിയിലേക്ക് കെ.എസ്.ആര്‍. ടി.സി ബസില്‍ വന്ന വസ്ത്ര വ്യാപാരിയാണ് മൊഴി നല്‍കിയത്.

ബസ് അമിത വേഗതയിലായിരുന്നു. പലതവണ ബ്രേക്കിട്ടപ്പോള്‍ തുണിക്കെട്ട് താഴെവീണു. വിവരം തിരക്കാന്‍ എഴുന്നേറ്റപ്പോഴാണ് ബസ് ബൈക്ക് യാത്രക്കാരെ പിന്തുടരുന്നത് കണ്ടത്. അപകടമുണ്ടാക്കിയ വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവര്‍ ഔസേപ്പിനെ സര്‍വീസില്‍ നിന്ന് സസ്പന്റ് ചെയ്തിരുന്നു. നടന്നത് കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന കുടുംബങ്ങളുടെ പരാതിയില്‍ ഡി.സി.ആര്‍.ബി സി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടരുന്നതിനിടെയാണ് നിര്‍ണായക മൊഴി പുറത്തുവരുന്നത്. ഇതോടെ നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ച പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനാണ് സാധ്യത.