കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ ഉടന്‍ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ ഉടന്‍ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ചുള്ള സമ്ബൂര്‍ണ അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച ലഭിക്കുമെന്നും ഇതിന് ശേഷമേ ജീവനക്കാര്‍ക്കെതിരേ നടപടിയൂണ്ടാകൂ എന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.
മിന്നല്‍ സമരത്തെക്കുറിച്ചുള്ള കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചുവെന്നും അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നുമാണ് സര്‍ക്കാരിന്റെ പുതിയ വിശദീകരണം. കെഎസ്ആര്‍ടിസിയില്‍ എസ്മ നടപ്പാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനിക്കൂ എന്നും മന്ത്രി പറഞ്ഞു.
പണിമുടക്ക് സര്‍ക്കാര്‍ നയമല്ലെന്ന് പറയുമ്ബോഴും കെഎസ്ആര്‍ടിസി ജീവനക്കാരെ ന്യായീകരിച്ചുകൊണ്ടാണ് ഗതാഗതമന്ത്രി സംസാരിച്ചത്. ബസ് വഴിയിലിട്ട് സമരം ചെയ്തത് ശരിയായില്ലെന്ന വിമര്‍ശനം മാത്രമാണ് മന്ത്രി ഉയര്‍ത്തിയത്.
നേരത്തെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരത്തിനെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എ.കെ.ശശീന്ദ്രനും ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മന്ത്രിമാരുടെ പ്രതികരണത്തിന് പിന്നാലെ നടപടിയെടുത്താന്‍ പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകള്‍ നിലപാടെടുത്തു. ഇതിന് ശേഷമാണ് സര്‍ക്കാര്‍ നിലപാടില്‍ അയവുവന്നത്.