തിരുവനന്തപുരം: കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ ഭീഷണിയുമായി കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയന് സംഘടനകള്‍ രംഗത്ത്.
പണിമുടക്കിന്റെ പേരില്‍ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കിയാല്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
പണിമുടക്കിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിക്കാനിടയായ സാഹചര്യവും തലസ്ഥാന നഗരം ഒരു പകല്‍ സ്തംഭിപ്പിച്ച രീതിയും ഇനിയുണ്ടാകാന്‍ പാടില്ലെന്ന ശക്തമായ വികാരത്തിന്റെ പുറത്താണ് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എ.കെ.ശശീന്ദ്രനും കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കുകയും ചെയ്തു.
വിഷയം ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് ഇന്ന് മുഖ്യമന്ത്രിയെ കാണുന്നുണ്ട്. മുഖ്യമന്ത്രി കൂടി അനുമതി നല്കിയാല് പണിമുടക്കി വഴിമുടക്കിയ ജീവനക്കാര്‍ക്കെതിരേ നടപടിയുണ്ടാകാനാണ് സാധ്യത. നടപടി വേണമെന്ന് പൊതുസമൂഹത്തില്‍ നിന്നുയരുന്ന ആവശ്യവും സര്‍ക്കാരിന് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല.
പോലീസുമായുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ തലസ്ഥാനത്തെ റോഡുകളില്‍ ബസുകള്‍ നിരത്തി സ്തംഭനം സൃഷ്ടിച്ചതില്‍ വലിയ പ്രതിഷേധമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരേ വിവിധ കോണുകളില്‍ നിന്നുയരുന്നത്.
അതിനിടെ സര്‍ക്കാര്‍ നടപടിയെടുത്താല്‍ പണിമുടക്കിലേക്ക് പോകുമെന്ന് ഭരണപക്ഷ അനുകൂല തൊഴിലാളി യൂണിയനുകള്‍ ഉള്‍പ്പടെ പ്രഖ്യാപിച്ചു കഴിഞ്ഞു. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ബുധനാഴ്ച മുതല്‍ സ്വകാര്യ ബസുകളും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസി കൂടി വരും ദിവസങ്ങളില്‍ നിരത്തിലിറങ്ങാതിരുന്നതാല് കൂടുതല്‍ ഗുരുതര പ്രതിസന്ധിയാകും സംസ്ഥാനത്ത് ഉടലെടുക്കുക.