കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും

0 593

കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും
തിരു:സംസ്ഥാനത്ത് ബുധനാഴ്ച മുതൽ കെ.എസ്.ആർ.ടിസി പരമാവധി ഹ്രസ്വദൂര സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. ഇക്കാര്യത്തിൽ സ്വകാര്യ ബസുകളുടെ സമ്മർദ്ദത്തിന് വഴങ്ങില്ല. നിരക്ക് കൂട്ടിയാലും ബസ് ഓടിക്കില്ലെന്ന നിലപാട് മാറ്റണം. സ്വകാര്യ ബസ് ഉടമകൾ സാഹചര്യം മനസിലാക്കി പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കെ.എസ്.ആർ.ടിസി ബുധനാഴ്ച മുതൽ പരമാവധി ഹ്രസ്വദൂര സർവീസ് നടത്തും. എന്നാൽ സർവീസ് നടത്തണോ വേണ്ടയോ എന്ന് സ്വകാര്യ ബസുകളാണ് തീരുമാനിക്കേണ്ടത്. സർവീസ് നടത്തുന്നില്ല എന്ന് ഈ ഘട്ടത്തിൽ തീരുമാനിച്ചാൽ ബുദ്ധിപൂർവമാണോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. എല്ലാക്കാലത്തേക്കും അങ്ങനെ ഒരു നിലപാട് സ്വീകരിക്കാൻ കഴിയുമോ എന്ന് അവരാണ് ആലോചിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.സർവീസുകൾ ഒരു സമരത്തിന്റെ ഭാഗമായി നിർത്തിവെച്ചതല്ല. ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ബസുകൾ ഓടിക്കാൻ പാടില്ലെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചത്. അത് പറഞ്ഞിരുന്നില്ലെങ്കിൽ ഈ ബുദ്ധിമുട്ടുകൾ നിലനിർത്തിക്കൊണ്ട് അവർ സർവീസ് നടത്തുമായിരുന്നില്ലേയെന്നും മന്ത്രി ചോദിച്ചു.ഇത് പണിമുടക്കല്ലെന്നും പണിമുടക്ക് പിൻവലിക്കാനാണ് ചർച്ചകൾ വേണ്ടതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. അവർ പണിമുടക്ക് പ്രഖ്യാപിച്ചതല്ല എന്ന വസ്തുത സ്വകാര്യ ബസ് ഉടമകളും അവരുടെ കുടെയുള്ളവരും മനസിലാക്കണം. അത് മനസിലാക്കി സർക്കാരിനോട് സഹകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ ബസ് ഉടമകളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ബസ് ചാർജ് വർദ്ധിപ്പിച്ചത്. മൂന്ന് മാസക്കാലത്തേക്ക് നികുതി അടക്കേണ്ടതില്ല എന്ന തീരുമാനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരിന് ആ ഇനത്തിൽ മാത്രം 36 കോടിയുടെ വരുമാന നഷ്ടമാണുണ്ടാകുന്നത്.സർക്കാരും ഈ കാര്യത്തിൽ ചില പ്രയാസങ്ങൾ പങ്കുവെയ്ക്കുകായണ്. സർക്കാരും ബസ് ഉടമസ്ഥരും യാത്രക്കാരും ഇത്തരത്തിൽ പെരുമാറേണ്ടതുണ്ട്. സ്വകാര്യ ബസ് ഉടമകൾ യാഥാർത്ഥ്യ ബോധത്തോടെ കാണുമെന്നാണ് വിചാരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.