രാവിലെ 7.30 മുതല്‍ 10.30വരെ; വൈകുന്നേരം 4മുതല്‍ 7വരെ; കെഎസ്ആര്‍ടിസി സര്‍വീസ് സമയക്രമം തീരുമാനിച്ചു
തിരുവനന്തപുരം: ബുധനാഴ്ച മുതല്‍ പുനരാരംഭിക്കുന്ന ജില്ലകള്‍ക്ക് അകത്തുള്ള കെഎസ്ആര്‍ടിസി സര്‍വീസിന്റെ സമയക്രമം തീരുമാനിച്ചു. രാവിലെ 7.30 മുതല്‍ 10.30 വരെയും വൈകുന്നേരം നാലു മുതല്‍ ഏഴ് വരെയുമാണ് സര്‍വീസ് നടത്തുക. മറ്റു സമയങ്ങളില്‍ തിരക്ക് ഒഴിവാക്കാണ് ഇത്തരമൊരു നടപടി.
ഒരു ജില്ലയില്‍ 25,000 കിലോമീറ്റര്‍ സര്‍വീസ് നടത്തിയാല്‍ മതിയെന്നാണ് തീരുമാനം. തിരുവനന്തപുരം ജില്ലയില്‍ 350 ഷെഡ്യൂളുകള്‍ മാത്രമേ ഓടിക്കുള്ളു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വര്‍ദ്ധിപ്പിച്ച നിരക്കുമായാണ് സര്‍വീസ് പുനരാരംഭിക്കുക. മിനിമം ചാര്‍ജ് 12 രൂപയായാണ് വര്‍ധിപ്പിച്ചത്.
23 മുതല്‍ 27വരെ യാത്രക്കാരെ മാത്രമേ ഒരു ബസില്‍ കയറ്റു. മാസ്‌കും നിര്‍ബന്ധമാണ്. ടിക്കറ്റ് നിരക്ക് അന്‍പത് ശതമാനം വര്‍ധിപ്പിച്ചിട്ടും ഒരുദിവസം 42 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.