തിരുവനന്തപുരം: ജനത്തെ പെരുവഴിയിലാക്കുകയും ഒരാളുടെ മരണത്തിനു കാരണമാവുകയും ചെയ്ത കെ.എസ്.ആര്‍.ടി.സി.യുടെ മിന്നല്‍പ്പണിമുടക്കിനെതിരേ കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. കെ.എസ്.ആര്‍.ടി.സി.ക്കു വീഴ്ച സംഭവിച്ചെന്നും ബസുകള്‍ റോഡില്‍ നിരത്തിയിട്ടത് ഗുരുതര തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കെ.എസ്.ആര്‍.ടി.സി.ക്ക് അവശ്യ സര്‍വീസ് നിയമം(എസ്മ) നിര്‍ബന്ധമാക്കണമെന്നും കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രിക്കു നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. വിശദമായ അന്തിമറിപ്പോര്‍ട്ട് കൂടുതല്‍ പരിശോധനകള്‍ക്കും തെളിവെടുപ്പുകള്‍ക്കും ശേഷം നല്‍കും.
കിഴക്കേക്കോട്ടയിലെത്തി കെ.എസ്.ആര്‍.ടി.സി. ജീവനക്കാരില്‍നിന്നും പോലീസ് ഉദ്യോഗസ്ഥരില്‍നിന്നും ജനങ്ങളില്‍നിന്നും കളക്ടര്‍ മൊഴിയെടുത്തു. മിന്നല്‍സമരത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാന്‍ സമയമെടുത്തെന്ന് പോലീസ് കളക്ടര്‍ക്ക് മൊഴിനല്‍കി.
ഗതാഗതക്കുരുക്കുകാരണം ആംബുലന്‍സിന് സംഭവസ്ഥലത്ത് പെട്ടെന്ന് എത്താന്‍ കഴിഞ്ഞില്ലെന്ന് ഫോര്‍ട്ട് സി.ഐ. മൊഴിനല്‍കി. അതേസമയം, സമരത്തിന് ഒരു കെ.എസ്.ആര്‍.ടി.സി. യൂണിയനും ആഹ്വാനം നല്‍കിയിട്ടില്ലെന്നായിരുന്നു യൂണിയന്‍ പ്രതിനിധികള്‍ മൊഴിനല്‍കിയത്. സംഭവം നടക്കുമ്ബോള്‍ താന്‍ ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലായിരുന്നെന്നും അകാരണമായി അറസ്റ്റുചെയ്തു കൊണ്ടുപോവുകയായിരുന്നെന്നുമാണ് കഴിഞ്ഞദിവസം അറസ്റ്റിലായ എ.ടി.ഒ. സാം ലോപ്പസിന്റെ മൊഴി. പോലീസ് സ്റ്റേഷനിലായിരുന്നതിനാല്‍ സമരത്തെക്കുറിച്ചോ ഗതാഗതം മുടക്കി ബസുകള്‍ റോഡിലിട്ടതിനെക്കുറിച്ചോ അറിഞ്ഞില്ലെന്നും അദ്ദേഹം കളക്ടറോടു പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കും. കൂടുതല്‍പേരുടെ മൊഴിയുമെടുക്കും. അന്തിമറിപ്പോര്‍ട്ട് അടുത്തദിവസം സമര്‍പ്പിക്കുമെന്നും കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.