തിരുവനന്തപുരം: തലസ്ഥാനത്ത് ഗതാഗതം തടസപ്പെടുത്തി നടത്തിയ സമരത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബസുകള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്ത അഞ്ചു ഡ്രൈവര്‍മാര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
സമരത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഗതാഗത തടസവും ക്രമസമാധാന പ്രശ്നവും ഉണ്ടായപ്പോഴാണ് പോലീസ് ഇടപെട്ടത്. പോലീസുകാരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൈയേറ്റം ചെയ്തു. ഇതിനാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ എടുത്തതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
കുഴഞ്ഞുവീണയാളെ ആശുപത്രിയില്‍ എത്തിക്കാനും വൈകിയില്ല. കണ്ട്രോള് റൂമില്‍ വിവരമെത്തി ഏഴ് മിനിറ്റിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചതായും സിറ്റി പോലീസ് കമ്മീഷണര്‍ കളക്ടര്‍ക്ക് വിശദീകരണം നല്കി.
സമരത്തില്‍ പങ്കെടുത്ത ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കും. ഇവരുടെ പട്ടിക പോലീസ് ഗതാഗത കമ്മീഷണര്‍ക്കും കൈമാറിയിട്ടുണ്ട്. 50 ബസുകളിലെ ജീവനക്കാര്‍ കുറ്റക്കാരാണെന്നാണ് ഇതില്‍ വ്യക്തമാക്കുന്നത്.