ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ ഇന്ന് ചുമതലയേക്കും; വന്‍ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍

0 213

 

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ഇന്ന് ചുമതലയേക്കും. രാവിലെ പത്തരയ്ക്ക് പാര്‍ട്ടി ആസ്ഥാനത്ത് വച്ച്‌ നടക്കുന്ന ചടങ്ങിലാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുക. 9.30ക്ക് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ കെ.സുരേന്ദ്രന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. ഇതിന് ശേഷം ബിജെപി ആസ്ഥാനത്തേക്ക് റോഡ് ഷോയുമുണ്ടാകും. മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ചടങ്ങുകളില്‍ പങ്കെടുക്കും. മൂന്നരമാസത്തെ കാത്തിരിപ്പിനൊടുവിലാണ് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രനെത്തുന്നത്.

ഗവ. ലോ കോളേജിന് സമീപം കുന്നുകുഴിയിലുള്ള പാര്‍ട്ടി ആസ്ഥാനത്തത്തിയാണ് സുരേന്ദ്രന്‍ അധ്യക്ഷനായി ചുമതല ഏല്‍ക്കുന്നത്. തുടര്‍ന്ന് അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. രാവിലെ 9:30ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന സംസ്ഥാന അധ്യക്ഷനെ സ്വീകരണത്തിന് ശേഷം തുറന്ന വാഹനത്തില്‍ എംജി റോഡിലൂടെ പിഎംജി ജംഗ്ഷന്‍ വഴി ബിജെപി സംസ്ഥാന ആസ്ഥാനത്തേക്ക് ആനയിക്കും.

കോഴിക്കോട് ഉള്ളിയേരിയിലെ കുന്നുമ്മല്‍ വീട്ടില്‍ നിന്ന് കേരള രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്ബോള്‍ കൈമുതലായി അധികമൊന്നുമുണ്ടായിരിന്നില്ല കെ സുരേന്ദ്രന്. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്‍റെ ഭാഗമായിട്ടായിരുന്നു തുടക്കം. കലാലയത്തിലേക്ക് കുടിയേറിയപ്പോഴേക്കും ഗുരുവായൂരപ്പന്‍ കോളേജിലെ കെമിസ്ട്രി വിദ്യാര്‍ത്ഥി, എബിവിപി നേതാവായി. എബിവിപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്ന കെ സുരേന്ദ്രന്‍ യുവമോര്‍ച്ചയുടെ മേല്‍വിലാസത്തിലേക്ക് എത്തുന്നത് കെജി മാരാരുടെ കൈപിടിച്ചാണ്.

നിന്നിടത്തെലാം നിലയുറപ്പിക്കുന്ന നേതാവ് മെല്ലെമെല്ലെ ഉയര്‍ന്ന് യുവമോര്‍ച്ചാ അധ്യക്ഷപദവിയിലേക്ക് എത്തിയപ്പോഴേക്കും കെ സുരേന്ദ്രനെ കേരള രാഷ്ട്രീയം ശ്രദ്ധിച്ച്‌ തുടങ്ങിയിരുന്നു. ഇടത് വലത് മുന്നണി രാഷ്ട്രീയത്തില്‍ വട്ടം കറങ്ങി നിന്ന കേരളത്തില്‍ കളമുറപ്പിക്കാന്‍ കെ സുരേന്ദ്രന് മുന്നിലുള്ള വഴികള്‍ ഒട്ടം എളുപ്പമായിരുന്നില്ല. ജനകീയ സമരങ്ങളുടെ മുന്‍ നിരയില്‍ നിന്നും, മുന്നണി രാഷ്ട്രീയത്തെ പ്രതിക്കൂട്ടിലാക്കാന്‍ കിട്ടുന്ന അവസരങ്ങളെ അതി സമര്‍ത്ഥമായി വിനിയോഗിച്ചും കേവല രാഷ്ട്രീയത്തിനപ്പുറമുള്ള ജനശ്രദ്ധയിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതായിരുന്നു കെ സുരേന്ദ്രന്‍റെ വിജയം.

Get real time updates directly on you device, subscribe now.