കെ.ടി ജലീൽ തലശേരി ബിഷപ്പിനെ ഭീഷണിപ്പെടുത്തുന്നു; കെ സുരേന്ദ്രൻ

0 537

തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെയുള്ള കെ ടി ജലീൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിഷപ്പിനെതിരെ വധഭീഷണിയാണ് കെ ടി ജലീൽ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ബിഷപ്പിനെ ഭീഷണിപ്പെടുത്തിയ കെ ടി ജലീലിന്റെ പോസ്റ്റിന്റെ കാര്യത്തിൽ യുഡിഎഫ് നിലപാട് എന്താണെന്ന് അറിയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.(K Surendran against K T Jaleel)

പച്ചയായ വധ ഭീഷണിയാണ് കെ ടി ജലീൽ നടത്തിയിട്ടുള്ളതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. നേരത്തെ പാലാ ബിഷപ്പിനെതിരെ നടത്തിയ സമീപനമാണ് ഇപ്പോൾ തലശേരി ബിഷപ്പിനെതിരെ ജലീൽ നടത്തിയത്. ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം. ജലീലിനെ അറസ്റ്റ് ചെയ്‌ത്‌ ക്രിമിനൽ കേസ് എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം റബറിന്റെ താങ്ങുവില 300 രൂപയാക്കി തന്നാല്‍ ബിജെപിക്ക് വോട്ട് ചെയ്യാമെന്ന തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് കെ.ടി ജലീല്‍ എംഎല്‍എ രംഗത്തെത്തി. ബിജെപി തരുന്ന റബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേ എന്നാണ് കെ.ടി ജലീല്‍ ചോദിക്കുന്നത്.

കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്

30 വെള്ളിക്കാശിൻ്റെ മോദി കാലത്തെ മൂല്യമാണോ 300 രൂപ?

BJP നൽകുന്ന റബറിൻ്റെ വില പോയി വാങ്ങണമെങ്കിൽ ഉടലിൽ തലയുണ്ടായിട്ട് വേണ്ടേ?

ബിഷപ്പിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. അതേസമയം, ജോസഫ് പാംപ്ലാനിയുടെ വിവാദ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി ലഭിച്ചു.

ഇത്തരം സന്ദേശങ്ങള്‍ നിയമലംഘനമാണെന്നും ജനാധിപത്യ വ്യവസ്ഥ തകര്‍ക്കുന്നതാണെന്നും ബിഷപ്പിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. റബര്‍ വില കേന്ദ്ര സര്‍ക്കാര്‍ 300 രൂപയാക്കി ഉയര്‍ത്തിയാല്‍ ബിജെപിക്ക് എംപിയെ നല്‍കാമെന്നായിരുന്നു പാംപ്ലാനിയുടെ പ്രഖ്യാപനം.