കുടകിൽ ആഴ്ചച്ചന്തക്ക് നിരോധനം: പക്ഷിപ്പനിക്കെതിരെ ജാഗ്രത

0 343

 

ഇരിട്ടി: കൊറോണ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിനിടെ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണ്ണാടകയിലെ കുടക് ജില്ലയില്‍ ആഴ്ചച്ചന്തകൾ ഇനിയൊരായിപ്പുണ്ടാകുന്നത് വരെ നിരോധിച്ചു. ഇതിനിടെ മേഖലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതും ആശങ്കക്കിടയാക്കിയിരിക്കയാണ്.
ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ചതോടെ മേഖലയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തമാണ്. ഇതിന്റെ ഭാഗമായി 62 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി. പരീക്ഷ ഉള്‍പ്പെടെ മാറ്റിവെച്ചു. ജില്ലാ ഭരണകൂടം ആഴ്ച്ചയില്‍ നടത്തുന്ന ചന്തകള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു നിയന്ത്രണം കടുപ്പിച്ചു. ജില്ലയിലെ ചെറുതും വലുതുമായ ടൗണുകളിലെല്ലാം ആഴ്ച്ച ചന്തകൾ സജീവമായിരുന്നു. നൂറുകണക്കിനാളുകളാണ് ഗ്രാമങ്ങളില്‍ നിന്നും ചന്തദിവസം നഗരത്തില്‍ എത്തുന്നത് . ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് ചന്ത നിരോധിച്ചത്.


ജില്ലയുടെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട ചെയ്തതും ആശങ്കയുണ്ടാക്കി. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ 10 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ മുഴുവന്‍ പക്ഷികളേയും കോഴികളേയും കൊന്നൊടുക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. മൈസൂരു ജില്ലയോടെ ചേര്‍ന്ന ഭാഗങ്ങളില്‍ കോഴിയിറച്ചിയുടെ വില്പ്പനയും ഉപയോഗവും നിരോധിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 15 ഓളം പേര്‍ ആരോഗ്യപ്രവര്‍ത്തകരുടെ പ്രത്യേക നിരീക്ഷണത്തിലാണ് . ഇവര്‍ നിശ്ചിത കാലയളവിനുള്ളില്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പോലീസിന്റെ സഹായത്തോടെയുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതിര്‍ത്തികടന്ന് എത്തുന്നവരെ ബോധവത്ക്കരിക്കുന്നതിനും പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളും ശക്തമാക്കിയിടുണ്ട്