കൂടെയെത്തിയവര്‍ ചോദ്യങ്ങള്‍ തടഞ്ഞു; സെന്‍കുമാറിന്റെ വാര്‍ത്താസമ്മേളനം അലങ്കോലമായി; മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി

0 167

 

 

കൊല്ലം: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ വിളച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം അലങ്കോലമായി. മാധ്യമപ്രവര്‍ത്തകര്‍ സെന്‍കുമാറിനോട് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ഹാളിലുണ്ടായിരുന്നവര്‍ അത് തടസ്സപ്പെടുത്തി എഴുന്നേറ്റതോടെയാണ് വാര്‍ത്താസമ്മേളനം അലങ്കോലമായത്.

എസ്‌എന്‍ഡിപി യോഗം മുന്‍ മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസുവിനോടൊപ്പമായിരുന്നു സെന്‍കുമാറിന്റെ വാര്‍ത്താസമ്മേളനം.
എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായുള്ള യോഗത്തില്‍ പങ്കെടുക്കാനാണ് സെന്‍കുമാര്‍ എത്തിയത്. യോഗം തുടങ്ങുന്നതിനു മുന്‍പാണ്, നൂറോളം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്ന ഹാളില്‍ പത്രസമ്മേളനം തുടങ്ങിയത്. വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനം ഉന്നയിച്ച സെന്‍കുമാറിനോടു കഴിഞ്ഞ ദിവസം കൊറോണ വൈറസിനെ കുറിച്ചു നടത്തിയ പരാമര്‍ശത്തെക്കുറിച്ചു മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. അതു തന്റെ അഭിപ്രായമല്ലെന്നും ഡോ. പോള്‍ ഹേലി ഉള്‍പ്പെടെ ലോകത്തിലെ വിദഗ്ധരുടെ അഭിപ്രായമാണെന്നും മറുപടി പറഞ്ഞു.

തുടര്‍ ചോദ്യം ആരംഭിച്ചതോടെയാണ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞത്. സുഭാഷ് വാസു ഉള്‍പ്പെടെ ചില നേതാക്കള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയില്‍ ഒരാള്‍ മാധ്യമ പ്രവര്‍ത്തകയുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചു.മൊബൈല്‍ പിടിച്ചുവാങ്ങി മാധ്യമ പ്രവര്‍ത്തക താക്കിതു ചെയ്തു. തര്‍ക്കം നടക്കുമ്ബോള്‍ പ്രവര്‍ത്തകരെ വിലക്കാതെ സെന്‍കുമാര്‍ നിശബ്ദനായിരുന്നു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ പത്രസമ്മേളനം ബഹിഷ്‌കരിച്ച്‌ ഇറങ്ങിപ്പോയി.