കുടുംബശ്രീവഴി 2,000 കോടി; പത്തോടെ പണമെത്തും ; മൂന്ന് വര്‍ഷംവരെ തിരിച്ചടവ് കാലാവധി
കുടുംബശ്രീവഴി 2,000 കോടി; പത്തോടെ പണമെത്തും ; മൂന്ന് വര്‍ഷംവരെ തിരിച്ചടവ് കാലാവധി
കുടുംബശ്രീവഴി 2,000 കോടി; പത്തോടെ പണമെത്തും ; മൂന്ന് വര്‍ഷംവരെ തിരിച്ചടവ് കാലാവധി
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപിച്ച കുടുംബശ്രീ വഴിയുള്ള 2000 കോടിയുടെ ബാങ്ക് വായ്പ പത്തിനകം അയല്‍ക്കൂട്ടം അംഗങ്ങളുടെ അക്കൗണ്ടിലെത്തും. മൂന്ന് വര്‍ഷംവരെ തിരിച്ചടവ് കാലാവധിയില്‍ ഒരാള്‍ക്ക് 20,000 രൂപ ലഭിക്കും. ഇതിന്റെ പലിശ സര്‍ക്കാര്‍ നല്‍കും. തിരിച്ചടവിന് നാലുമുതല്‍ ആറുമാസംവരെ മൊറട്ടോറിയവും ലഭിച്ചേക്കും.
സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റിയുമായി (എസ്‌എല്‍ബിസി) വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ വിശദ പദ്ധതി സമര്‍പ്പിച്ചു. എസ്‌എല്‍ബിസിയുടെ അന്തിമ അനുമതി കിട്ടിയാലുടന്‍ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കും. തുടര്‍ന്നാകും ഉത്തരവിറങ്ങുക.
കോവിഡ് സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിലാണ് 2000 കോടിയുടെ കുടുംബശ്രീ വായ്പാ പദ്ധതിയും പറഞ്ഞത്.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തേ കുടുംബശ്രീ പ്രത്യേക വായ്പാ പദ്ധതി നടപ്പാക്കിയിരുന്നു. 1,95,000 കുടുംബങ്ങള്‍ക്ക് 1680 കോടിയാണ് വായ്പ ലഭ്യമാക്കിയത്. പലിശയായി 131 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കി. രണ്ടാംഘട്ടമായി 90 കോടി പലിശ ഇനത്തില്‍ ഉടന്‍ നല്‍കും. സമാന രീതിയിലാണ് കോവിഡ് വായ്പാ പദ്ധതിയും.
സംസ്ഥാനത്ത് 2.9 ലക്ഷം അയല്‍ക്കൂട്ടങ്ങളില്‍ 46 ലക്ഷം അംഗങ്ങളുണ്ട്. അയല്‍ക്കൂട്ടങ്ങള്‍ക്ക് ശരാശരി ആറ് ലക്ഷംരൂപവരെ വായ്പ അനുവദിക്കും. ഈ തുക അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് നല്‍കും. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നശേഷം ധനസെക്രട്ടറി എസ്‌എല്‍ബിസി അധികൃതരുമായി ചര്‍ച്ച നടത്തി. ഇതിന്റെ ഭാഗമായാണ് കുടുംബശ്രീ വിശദമായ പദ്ധതി എസ്‌എല്‍ബിസിക്ക് നല്‍കിയത്.
എസ്‌എല്‍ബിസി അധികൃതര്‍ ബാങ്ക് മേധാവികളുമായി ഓണ്‍ലൈന്‍ വഴി ചര്‍ച്ച നടത്തി വെള്ളിയാഴ്ചതന്നെ പദ്ധതിക്ക് അംഗീകാരം നല്‍കിയേക്കും. കോവിഡിന്റെ ഭാഗമായി ഉപജീവനം നിലച്ചവരാണ് മാനദണ്ഡപ്രകാരം വായ്പയ്ക്ക് അര്‍ഹര്‍. എന്നാല്‍, അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ എല്ലാ അയല്‍ക്കൂട്ട അംഗങ്ങളും അര്‍ഹരാകുമെന്നും ഹരികിഷോര്‍ പറഞ്ഞു.