കുടുംബശ്രീ കേരളത്തിന്റെ വലിയ സൈന്യം:മന്ത്രി എ സി മൊയ്തീന്‍

0 167

കുടുംബശ്രീ കേരളത്തിന്റെ വലിയ സൈന്യം:മന്ത്രി എ സി മൊയ്തീന്‍

കേരളത്തില്‍ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ദുരിതത്തില്‍ നിന്ന്  കൈപിടിച്ചുയര്‍ത്തുന്ന  വലിയ സൈന്യമായി കുടുംബശ്രീ മാറുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. ജില്ലാ പഞ്ചായത്ത് കുറുമാത്തൂരില്‍  നിര്‍മ്മിച്ച  കുടുംബശ്രീ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങാനും  കൊവിഡ് കാലത്ത് സിഎഫ് എല്‍ ടി സികളിലടക്കം പ്രവര്‍ത്തിക്കാനും കുടുംബശ്രീക്കു സാധിച്ചു. ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിനകത്തും പുറത്തും മാതൃകയാവുകയാണ് കുടുംബശ്രീ പദ്ധതി. തൊഴില്‍, സംരംഭ മേഖലകളിലും കാര്‍ഷിക, വ്യാപാര മേഖലകളിലും കുടുംബശ്രീ മികച്ച പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ആധുനിക കാലഘട്ടത്തിനിണങ്ങിയ രീതിയില്‍ ശാസ്ത്രീയ പരിശീലനം നല്‍കാന്‍ കുറുമാത്തൂരില്‍ ആരംഭിക്കുന്ന പരിശീലന കേന്ദ്രം സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക്  പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്  താമസ സൗകര്യത്തോടെയുള്ള സ്ഥിരം സംവിധാനമാണ്  കുറുമാത്തൂര്‍ ട്രെയിനിംഗ് സെന്ററില്‍ ഒരുങ്ങുന്നത്. തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്കും  കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും  നൈപുണ്യ വികസനവും  സംരംഭകത്വ വികസനവും ലക്ഷ്യമിട്ടുകൊണ്ടുള്ള പരിശീലന പരിപാടികളാണ് ഇവിടെ സംഘടിപ്പിക്കുക. വികേന്ദ്രീകൃത ആസൂത്രണം, പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യ നിര്‍മ്മാര്‍ജനം, സ്ത്രീശാക്തീകരണം തുടങ്ങിയവയില്‍  സര്‍ക്കാരും കുടുംബശ്രീ മിഷനും  സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളുടെ നോഡല്‍ കേന്ദ്രമായി ഈ പരിശീലന കേന്ദ്രം മാറും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലവിലുള്ള  സ്‌കില്‍ ട്രെയിനിംഗ് പ്രോഗ്രാമുകളുടെ കേന്ദ്രമായി ഇതിനെ വികസിപ്പിക്കും. സെന്റര്‍ ഓഫ് സ്‌കീലിംഗ് യൂത്ത്സ്,  മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്റര്‍, കണക്ട് ടു വര്‍ക്ക് സെന്റര്‍ ,എറൈസ് പരിശീലനം ,പ്രാദേശിക കുടുംബശ്രീ സി ഡി എസിനെ കേരളത്തിലെ ആദ്യ പരിശീലന ഏജന്‍സിയായി ഉയര്‍ത്തല്‍ തുടങ്ങിയവയാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങളായി നടപ്പാക്കുക.
ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്ന് 1.7 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. 93.70 ലക്ഷം വകയിരുത്തി  ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് ആദ്യഘട്ടം പദ്ധതി പൂര്‍ത്തിയാക്കിയത്.രണ്ടാംഘട്ട നിര്‍മ്മാണത്തിന്  ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും 77 ലക്ഷം രൂപയും ചെലവഴിച്ചു. രണ്ട് നിലകളിലായി നാല് ക്ലാസ്സ് മുറികളാണ്  ഒരുക്കിയിട്ടുള്ളത്.   അന്‍പതു പേരുള്ള നാലു ബാച്ചുകള്‍ക്ക്  ഒരേസമയം പരിശീലനം നല്‍കാനുള്ള  അടിസ്ഥാന സൗകര്യം ഇവിടെയുണ്ട്.
ജയിംസ് മാത്യു എം എല്‍ എ അധ്യക്ഷനായി. കുടുംബശ്രീ  എക്സിക്യുട്ടീവ് ഡയറക്ടര്‍  എസ് ഹരികിഷോര്‍, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്,  വൈസ് പ്രസിഡണ്ട് പിപി ദിവ്യ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി ടി റംല, അംംഗങ്ങളായ അജിത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഐ വി നാരായണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍,  എല്‍ എസ് ജി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ എന്‍ ബിജോയ്, കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓഡിനേറ്റര്‍ എം സുര്‍ജിത്  തുടങ്ങിയവര്‍ സംസാരിച്ചു. പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്ന പ്രദേശം കണ്ടെയ്ന്‍മെന്റ് സോണ്‍ ആയതിനാല്‍ ജില്ലാ പഞ്ചായത്തിലാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്