കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സാക്ഷി വിസ്താരത്തിനെത്താതിരുന്ന നടന് കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട്. സാക്ഷി പറയാനുള്ള സമന്‍സ് കൈപ്പറ്റാത്തതിനാണ് നടപടി. നടിമാരായ ഗീതു മോഹന്‍ദാസും സംയുക്ത വര്‍മയും ഇന്നലെ സാക്ഷി വിസ്താരത്തിനായി കൊച്ചിയിലെ കോടതിയിലെത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ അടുത്തറിയാവുന്ന സുഹൃത്തുക്കള്‍ എന്ന നിലയിലാണ് ഇവരെയും കുഞ്ചാക്കോ ബോബനെയും പ്രോസിക്യൂഷന് സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
നടന് കുഞ്ചാക്കോ ബോബന്റെ വിസ്താരം നിശ്ചയിച്ചിരുന്നെങ്കിലും സംസ്ഥാനത്തിന് പുറത്തായതിനാല്‍ അദ്ദേഹം എത്താത്തതിനെ തുടര്‍ന്ന് സാക്ഷിവിസ്താരം നടന്നില്ല. അതേസമയം ഈ വിഷയത്തില്‍ മൊഴിനല്‍കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് കുഞ്ചാക്കോ ബോബന് വിട്ടുനില്‍ക്കുന്നതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. നേരത്തെ തന്നെ ദിലീപിന്റെ മുന്‍ ഭാര്യയോടൊപ്പം അഭിനയിക്കരുതെന്ന തരത്തില്‍ താരത്തില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. നടി ബിന്ദു പണിക്കര്‍, ഇന്നലെ നടന് സിദ്ദിഖ് എന്നിവരുടെ വിസ്താരവും നടന്നില്ല. ഇവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റി. കേസില്‍, സാക്ഷികളായ നടി രമ്യ നമ്ബീശന്‍, സഹോദരന് രാഹുല്‍, സംവിധായകന് ലാലിന്റെ ഡ്രൈവര്‍ എന്നിവരെ പ്രത്യേക കോടതി നേരത്തെ വിസ്തരിച്ചിരുന്നു.