തിരുവനന്തപുരം: കൊല്ലത്തെ ദേവനന്ദയ്ക്കുണ്ടായ ദുരന്തം ഇനിയുണ്ടാകാതിരിക്കാന്‍ ജാഗ്രതവേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒറ്റപ്പെട്ടനിലയില്‍ കുഞ്ഞുങ്ങളെ കണ്ടാല്‍ ശ്രദ്ധിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. നാട്ടുകാരും ഇക്കാര്യത്തില്‍ ശ്രദ്ധവെക്കണം. ദേവനന്ദ ആറിനടുത്തേക്കുപോയത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. കേരളത്തിന്റെ മനസ്സിലെ മായാത്ത ദുഃഖമാണ് ദേവനന്ദ. ഇനി അങ്ങനെയൊരു ദുരന്തം കേരളത്തിലുണ്ടാവരുത്- മുഖ്യമന്ത്രി പറഞ്ഞു.
കാലത്തിനുപോലും മായ്ക്കാനാകാത്തതാണ് ആ കുഞ്ഞിന്റെ അച്ഛനമ്മമാരുടെ ദുഃഖം. ഈ സമൂഹമാകെ മനസ്സുകൊണ്ട് ആ അച്ഛനമ്മമാര്‍ക്കൊപ്പം ഉണ്ടായിരുന്നു. കുഞ്ഞിന് ഒന്നും പറ്റരുതേ എന്ന് എല്ലാവരും ആത്മാര്‍ഥമായി ആഗ്രഹിച്ചുകൊണ്ടിരുന്നു- നിയമസഭയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനുള്ള മറുപടിയില്‍ മുഖ്യമന്ത്രി വികാരാധീനനായി.
എല്ലാ പ്രതീക്ഷകളും അവസാനിപ്പിക്കുംവിധമാണ് കുഞ്ഞിനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിച്ചത് എന്നത് സഭയ്ക്ക് അറിയാവുന്ന കാര്യമാണ്. കുഞ്ഞിനെ കണ്ടെത്തി രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി. 13 അംഗ അന്വേഷണസംഘം രൂപവത്കരിച്ചു.
അടിയൊഴുക്കുള്ള സ്ഥലമാണ് ആ ബണ്ട്. അവിടെ വള്ളിക്കിടയില്‍ കുഞ്ഞിന്റെ മൃതദേഹം കുടുങ്ങിക്കിടന്നതു കണ്ടെത്തിയതില്നിന്നുതന്നെ പോലീസിന്റെ അന്വേഷണ വഴികള്‍ ശരിയായിരുന്നു എന്നു തെളിയുന്നുണ്ട്.
കുട്ടി ഏതെങ്കിലും തരത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് അറിയാന്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ദേവനന്ദയുടെ മൃതദേഹത്തില്‍നിന്ന് ശേഖരിച്ച തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കെമിക്കല്‍ എക്സാമിനേഷന് ലബോറട്ടറി, ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്. ഈ സഭയും ഈ സര്‍ക്കാരും വിങ്ങുന്ന ആ കുടുംബത്തിനൊപ്പമുണ്ട്- മുഖ്യമന്ത്രി പറഞ്ഞു. ഉന്നതതല അന്വേഷണം വേണമെന്ന് ചെന്നിത്തല സഭയില്‍ ആവശ്യപ്പെട്ടു.