ട്വന്റി ട്വന്റി പ്രവർത്തകന്റെ മരണം: കൊലയ്ക്ക് പിന്നിൽ സിപിഐഎം എന്ന് പ്രതിപക്ഷ നേതാവ്; ആക്രമിച്ചത് സിപിഐഎം പ്രവർത്തകരെന്ന് വിശ്വസിക്കുന്നില്ലെന്ന് കുന്നത്തുനാട് എം.എൽ.എ

0 942

കിഴക്കമ്പലത്തെ ട്വന്‍റി ട്വന്‍റി പ്രവർത്തകന്‍ ദീപുവിന്റെ കൊലയ്ക്ക് പിന്നിൽ സിപിഐഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദീപുവിനെ മർദ്ദിച്ചത് സിപിഐഎം നേതാക്കളുടെ സാന്നിധ്യത്തിൽ ആണെന്നാരോപിച്ച വി ഡി സതീശൻ കുന്നത്തുനാട് എം.എൽ.എ പി വി ശ്രീനിജിനെതിരെ നടന്നത് സമാധാനപരമായ സമരമായിരുന്നെന്നും കുറ്റപ്പെടുത്തി.

അതേസമയം സിപിഐഎം പ്രവർത്തകർ ദീപുവിനെ ആക്രമിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കുന്നത്തുനാട് എം.എൽ.എ പി വി ശ്രീനിജിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവം നടന്നതിന് ശേഷം ശനിയാഴ്ചയോ ഞായറാഴ്ചയോ ആരും പരാതിപ്പെട്ട് രംഗത്ത് വന്നിട്ടില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരണം നടത്താമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.

കുന്നത്തുനാട് എം.എൽ.എ പി വി ശ്രീനിജിനെതിരായ ലെറ്റുകള്‍ അണച്ചുള്ള ട്വന്‍റി 20യുടെ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് മരിച്ച ദീപുവിന് മർദനമേറ്റത്. അക്രമത്തെ തുടര്‍ന്ന് തലയ്ക്ക് ക്ഷതമേറ്റ ദീപു തിങ്കളാഴ്ച കഠിനമായ തലവേദനയെത്തുടര്‍ന്ന് രക്തം ഛര്‍ദ്ദിക്കുകയും അത്യാസന്നനിലയിലാവുകയും ചെയ്തതോടെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂറോ സര്‍ജന്റെ പരിശോധനയില്‍ ദീപുവിന്റെ വയറില്‍ പല സ്ഥലങ്ങളിലായി ചതവുകളും, തലയില്‍ ആന്തരിക രക്തസ്രാവവും കണ്ടെത്തിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടുകൂടിയായിരുന്നു ദീപുവിന്റെ ജിവന്‍ നിലനിർത്തിയിരുന്നത്.