രാജ്യത്ത് ഓരോ എട്ടുമിനിറ്റിലും ഒരു കുട്ടിയെ കാണാതാവുന്നു

0 218

 

 

തിരുവനന്തപുരം: ഓരോ എട്ടുമിനിറ്റിലും രാജ്യത്ത് ഒരു കുട്ടിയെ കാണാതാവുന്നുവെന്ന് ദേശീയ കുറ്റാന്വേഷണബ്യൂറോ. ഒരുവര്‍ഷം ഒരുലക്ഷത്തോളം കുട്ടികള്‍ അപ്രത്യക്ഷരാവുന്നു. കഴിഞ്ഞവര്‍ഷം കേരളത്തില്‍നിന്ന് 487 കുട്ടികള്‍ കാണാതായ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ 30 കുട്ടികളെ കാണാതായി.

പൊതുജന പങ്കാളിത്തത്തോടെ കുട്ടികളെ കണ്ടെത്താനാണ് ‘ട്രാക് ചൈല്‍ഡ്’ എന്ന വെബ്സൈറ്റ് തുടങ്ങിയത്. ഈ സംവിധാനംവന്നശേഷം കേരളത്തില്‍നിന്ന് 3851 കുട്ടികളെ കാണാതായെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഇതില്‍, 3163 കുട്ടികളെ കണ്ടെത്താനായി. 688 കുട്ടികളെക്കുറിച്ച്‌ ഒരു വിവരവുമില്ല.

15 ദിവസത്തിനുള്ളില്‍ കാണാതായത് 13 പെണ്‍കുട്ടികളെ

* ആറുവയസ്സുകാരി അഭിരാമി മുതല്‍ 17 വയസ്സുകാരി ജ്യോതികവരെ 13 പെണ്‍കുട്ടികളാണ് 15 ദിവസത്തിനുള്ളില്‍ കേരളത്തിലെ വീടുകളില്‍നിന്ന് അപ്രത്യക്ഷമായത്. * 2018-ല്‍ കേരളത്തില്‍ 205 കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍, 191 പേരും പെണ്‍കുട്ടികളാണ്. 2016 മേയ് മുതല്‍ 2019 വരെ കേരളത്തില്‍ 578 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി കേസുണ്ട്.

* ഒളിച്ചോടിയ കേസുകളിലും തുടക്കത്തിലുള്ള പരാതി തട്ടിക്കൊണ്ടുപോയി എന്ന തരത്തിലാകാം. ഇതാണ് ഇത്തരമൊരു ഉയര്‍ന്ന കണക്ക് കേരളത്തിലുണ്ടാകുന്നതിന്റെ കാരണമെന്നാണ് പോലീസിന്റെ വിശദീകരണം. അല്ലാതെ കേരളത്തില്‍ ആശങ്കപ്പെടുത്തുന്നവിധം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവമില്ലെന്നും പോലീസ് പറയുന്നു.

* കാണാതാവുന്ന കുട്ടികളിലേറെയും പെണ്‍കുട്ടികളാണ്. ഇന്ത്യയില്‍ 2018-ല്‍ 57,187 കുട്ടികളെ കാണാതാകുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്തിട്ടുണ്ട്. ഇതില്‍ 44,209 പേര്‍ പെണ്‍കുട്ടികളാണ്.

* കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും മഹാരാഷ്ട്രയുമാണ്‌ മുന്നില്‍. മഹാരാഷ്ട്രയില്‍ 10,623 കുട്ടികളാണ് 2018-ല്‍ കാണാതായത്. ഇതില്‍ 7637 പെണ്‍കുട്ടികളാണ്. ഡല്‍ഹി, ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെല്ലാം കാണാതാവുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുതലാണ്.

തമിഴ്‌നാട്ടില്‍ 341 കുട്ടികളെ കാണാതായിരുന്നു. ഇതില്‍ 328 പേരും പെണ്‍കുട്ടികളാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കുട്ടികള്‍ കാണാതാവുന്ന സംഭവം കുറവാണ്. മിസോറമില്‍ 2018-ല്‍ നാലുകുട്ടികളെ മാത്രമാണ്‌ കാണാതായത്. ഈ നാലുപേരും ആണ്‍കുട്ടികളാണ്.