ലക്കിടി-അടിവാരം റോപ്‌വെ-നിര്‍ണ്ണായക യോഗം ചേര്‍ന്നു

0 269

കല്‍പ്പറ്റ: വയനാടിന്റെ ടൂറിസം മേഖലയില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുന്ന വയനാട് റോപ്പ് വെ പദ്ധതിയുടെ നിര്‍ണ്ണായക യോഗം ടൂറിസം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്നു. വയനാട് ചുരത്തിലെ ഗതാഗത തിരക്കിനും ടൂറിസം മേഖലയിലെ പുരോഗതിക്കും സഹായകമാവുന്ന പദ്ധതിയുമായി മുന്നോട്ടു പോകാന്‍ യോഗത്തില്‍ തീരുമാനമെടുത്തു.

കല്‍പ്പറ്റ എം എല്‍ എ അഡ്വ.ടി സിദ്ധിഖും തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസഫും തങ്ങളുടെ മണ്ഡലത്തിന്റെ ടൂറിസം വികസനത്തില്‍ പ്രധാന പദ്ധതിയായി റോപ്പ് വേയെ കേരളത്തിലെ തന്നെ ആദ്യ സംരംഭമായി കാണുന്നു . 3. 2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോപ്പ് വെ വയനാടന്‍ ചുരത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കുവാന്‍ സഹായകമാവും. മാത്രമല്ല പദ്ധതി യാഥാര്‍ത്യമാവുന്നതോടുകൂടി വയനാടിന്റെ ടൂറിസം മേഖലയില്‍ ഒരു കുതിച്ചു ചാട്ടമായിരിക്കും.

യോഗത്തില്‍ ടൂറിസം സെക്രട്ടറി ശ്രീനിവാസ്, വയനാട് ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് ഐ എ എസ്, കോഴിക്കോട് കലക്ടര്‍ ഗീത ഐ എ എസ്, വയനാട് ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹികളായ ജോണി പാറ്റാനി, ഇ.പി മോഹന്‍ദാസ്, മോഹന്‍ ചന്ദ്രഗിരി, ബേബി നിരപ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.