ഭൂമി തരംമാറ്റല്‍; സജീവന്റെ ആത്മഹത്യയില്‍ തെളിവെടുപ്പ് നടത്തി
പറവൂരില്‍ മത്സ്യത്തൊഴിലാളി സജീവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലാന്റ് റവന്യു ജോയിന്റ് കമ്മിഷണര്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് തെളിവെടുത്തു. ഉദ്യോഗസ്ഥരെ ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ, പറവൂര്‍ താലൂക്ക് ഓഫിസര്‍, മൂത്തകുന്നം വില്ലേജ് ഓഫിസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി കമ്മിഷണര്‍ സജീവന്റെ കുടുംബാംഗങ്ങളുടെയും ഭാഗം കേള്‍ക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സജീവന്റെ കുടുംബം റവന്യുമന്ത്രിക്കും പരാതി നല്‍കും. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് റവന്യുമന്ത്രി കെ. രാജന്‍ പറഞ്ഞു. വിഷയത്തില്‍ ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ ഉടന്‍ തീരുമാനമുണ്ടാക്കും. മുന്‍ഗണനാ ക്രമത്തിലായിരിക്കും നടപടികള്‍ പൂര്‍ത്തിയാക്കുക. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും റവന്യുമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിനിടെ സജീവന്റെ ആത്മഹത്യ നിര്‍ഭാഗ്യകരമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് പറഞ്ഞു. സജീവിന്റെ അപേക്ഷയില്‍ കാലതാമസം ഉണ്ടായിട്ടില്ല. വേണ്ട രീതിയില്‍ പരിഗണിച്ചിരുന്നു. സജീവിന്റെ ആദ്യ അപേക്ഷയില്‍ ഒക്ടോബറിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. സജീവന്‍ ഡിസംബറില്‍ നല്‍കിയ പുതിയ അപേക്ഷ ഇതുവരെ പരിഗണിക്കാന്‍ സാധിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുകയോ കൈക്കൂലി ആവശ്യപ്പെടുകയോ ചെയ്തതായി കണ്ടെത്തിയില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.