പൊന്മുടിയിൽ കെഎസ്ഇബി പാട്ടത്തിന് നൽകിയ ഭൂമി റവന്യൂ പുറമ്പോക്ക് തന്നെ : ഉടുമ്പൻചോല തഹസിൽദാർ

0 682

പൊന്മുടിയിൽ കെഎസ്ഇബി പാട്ടത്തിന് നൽകിയ ഭൂമി റവന്യൂ പുറമ്പോക്ക് തന്നെയെന്ന് ഉടുമ്പൻചോല തഹസിൽദാർ. സർവേ നടപടികൾ വീണ്ടും നടത്തുന്നതിനുള്ള നോട്ടിസ് ചൊവ്വാഴ്ച കെഎസ്ഇബിക്ക് നൽകും. സർവേക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞത് രാജാക്കാട് സഹകരണ ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ

പെൻമുടി ഡാമിനടുത്തുള്ള21ഏക്കർ ഭൂമിയാണ് രാജക്കാട് സർവീസ് സഹകരണ ബാങ്കിന് കെഎസ്ഇബി ഹൈഡൽ ടൂറിസത്തിനായി പാട്ടത്തിന് നൽകിയത്. രണ്ടുസർവേ നമ്പരുകളിലായി കെഎസ്ഇബിയുടെ കൈവശമുള്ള ഈ ഭൂമി റവന്യൂ പുറമ്പോക്കാണെന്ന് ഉടുമ്പൻചോല തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ സർവേക്കെത്തിയ ഉദ്യോഗസ്ഥരെ രാജാക്കാട് സഹകരണ ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തടഞ്ഞു.

ബാങ്ക് അധികൃതരെ സർവ്വേ സംഘം എത്തുന്നത് നേരത്തെ അറിയിച്ചിരുന്നില്ലെന്നും, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പരിശോധന നടത്താൻ അനുവദിക്കില്ലെന്നും രാജാക്കാട് ബാങ്ക് പ്രസിഡന്റ് റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചു.ഇതോടെ സർവേ നടപടികൾ പൂർത്തിയാകാതെ ഉദ്യോഗസ്ഥർ മടങ്ങി.

എന്നാൽ കെഎസ്ഇബി പാട്ടത്തിന് നൽകിയ ഭൂമി റവന്യൂ പുറമ്പോക്ക് തന്നെയെന്ന് ഉടുമ്പൻചോല തഹസിൽദാർ ആവർത്തിച്ചു. ഇവിടെ സർവേ നടത്തുന്നതിന് ബാങ്കിന്റെ അനുമതി തേടേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി. സംഭവം വിവാദമായതോടെ ചൊവ്വാഴ്ചയോടെ കെഎസ്ഇബിക്ക് നോട്ടിസ് നൽകി സർവേ നടപടികളുമായി മുന്നോട്ട് പോകാനാണ് റവന്യൂ സംഘത്തിന്റെ നീക്കം.