താറടിക്കുന്നതിനെതിരെ ഐ.എ.എസ്,ഐ.പി.എസ് അസോസിയേഷന്‍
തിരുവനന്തപുരം: സത്യസന്ധമായി കൃത്യനിര്‍വഹണം നടത്തുന്ന ഉദ്യോഗസ്ഥരെ രാഷ്ട്രീയ ലക്ഷ്യത്തോടെ താറടിക്കുന്നതിനെ ഐ.എ.എസ്, ഐ.പി.എസ് അസോസിയേഷന്‍ സംയുക്തമായി അപലപിച്ചു. ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജോലി നിര്‍വഹിക്കുമ്ബോള്‍ അതിനെ വളച്ചൊടിച്ച് വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുകയാണ്. സി.എ.ജി റിപ്പോര്‍ട്ടില്‍ ഡി.ജി.പിക്കെതിരെയും മറ്റും ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഐ.എ.എസ്, ഐ.പി.എസ് അസോസിയേഷനുകള്‍ സംയുക്തമായി യോഗം ചേര്‍ന്നത്. ഐ.എ.എസുകാരും ഐ.പി.എസുകാരും ആത്മാര്‍ത്ഥമായും ഉത്തരവാദിത്തത്തോടെയുമാണ് പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ അവരെ ഭയപ്പെടുത്തി കൃത്യനിര്‍വഹണത്തില്‍ നിന്ന് അകറ്റി നിര്‍ത്താനുളള നീക്കം ഒട്ടും ആശാസ്യമല്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പൊലീസിനായി വാങ്ങിയ തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന് സി.എ.ജി റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പൊലീസിനായി വാങ്ങിയ വാഹനങ്ങള്‍ ഉത്പാദനം നിര്‍ത്താന്‍ കമ്ബനി തീരുമാനിച്ചവയാണെന്നും ഇതിന് പിന്നില്‍ അഴിമതി ഉണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. പൊലീസ് നവീകരണത്തിന് നല്‍കിയ ഫണ്ട് ഉപയോഗിച്ചാണ് ചീഫ് സെക്രട്ടറിക്ക് 25 ലക്ഷത്തിലധികം രൂപ വിലവരുന്ന വാഹനം വാങ്ങിയതെന്നും വിവാദമുണ്ടായി. എസ്.ഐ, എ.എസ്.ഐമാര്‍ക്ക് ക്വാട്ടേഴ്‌സ് നിര്‍മ്മിക്കാനുളള തുക ഉപയോഗിച്ച് ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് ആഡംബര വില്ലകള്‍ നിര്‍മ്മിച്ചെന്നും ആരോപണമുണ്ടായി.