മതപരിവർത്തനത്തിനെതിരെ നിയമനിർമാണം അനിവാര്യം: അരവിന്ദ് കെജരിവാൾ

0 675

മതപരിവർത്തനത്തിനെതിരെ നിയമനിർമാണം അനിവാര്യം: അരവിന്ദ് കെജരിവാൾ

 

മതപരിവർത്തനത്തിനെതിരെ നിയമനിർമാണം അനിവാര്യമാണെന്നും പക്ഷെ അതാരെയും ഉപദ്രവിക്കാൻ വേണ്ടി ആവരുതെന്നും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരിവാൾ. ”മതപരിവർത്തനങ്ങൾക്കെതിരെ തീർച്ചയായും നിയമം ഉണ്ടാവണം. എന്നാൽ ഇതിലൂടെ ആരെയും ഉപദ്രവിക്കരുത്. അവരെ ഭയപ്പെടുത്തി മതപരിവർത്തനം നടത്തുന്നതും തെറ്റാണ്”-ജലന്ധറിൽ പൊതുപരിപാടിയിൽ സംസാരിക്കുമ്പോൾ കെജരിവാൾ പറഞ്ഞു.

ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തനം നിരോധിച്ച് നിയമം കൊണ്ടുവന്നിട്ടുണ്ട്. അസം, കർണാടക പോലുള്ള സംസ്ഥാനങ്ങൾ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്.

പഞ്ചാബിൽ എ.എ.പി അധികാരത്തിലെത്തിയാൽ 16000 മൊഹല്ല ക്ലിനിക്കുകൾ ആരംഭിക്കുമെന്നും ആശുപത്രികൾ പുനർനിർമിക്കുമെന്നും കെജരിവാൾ പറഞ്ഞു. ഡൽഹിയെപ്പോലെ പഞ്ചാബിനും എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങൾ അധികാരത്തിലെത്തിയാൽ പുതുതായി ഒരു നികുതിയും ഏർപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.