മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് എം ശിവശങ്കർ സത്യം തുറന്ന് പറയട്ടെ; വെല്ലുവിളിച്ച് സ്വപ്‍ന സുരേഷ്

0 1,232

 

മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് സത്യം തുറന്ന് പറയാൻ എം ശിവശങ്കറിനെ വെല്ലുവിളിച്ച് സ്വപ്‌ന സുരേഷ്. താൻ പറഞ്ഞ കാര്യങ്ങൾ വസ്തുതാവിരുദ്ധമെങ്കിൽ എം ശിവശങ്കർ നിഷേധിക്കാത്തതെന്തുകൊണ്ട്?തന്നെയും തന്റെ കുടുംബത്തെയും തകർക്കാൻ മനഃപൂർവമായ നീക്കം നടക്കുന്നു. പുസ്‌തകമെഴുതി ആദ്യം ദ്രോഹിച്ചു. ഇപ്പോഴത്തെ വിവാദത്തിന് പിന്നിലും ആരെന്നറിയാം. തനിക്ക് ശിവശങ്കറോട് വൈരാഗ്യമോ ശത്രുതയോ ഇല്ല, ബഹുമാനമുണ്ട്. എം ശിവശങ്കർ പുസ്‍തകത്തിലൂടെ തുടങ്ങി വച്ച യുദ്ധമാണിത്. തന്നെ ദ്രോഹിക്കുന്നതിന് പിന്നിൽ എം ശിവശങ്കർ ഒറ്റയ്ക്കാണോ എന്നതറിയില്ല. തനിക്കെതിരായ ആക്രമണം തുടരുമെന്ന് ഭയക്കുന്നതായി സ്വപ്‍ന സുരേഷ് പറഞ്ഞു.

സ്വപ്നാ സുരേഷിന്‍റെ എച്ച്ആർഡിഎസ്സ് എന്ന സന്നദ്ധസംഘടനയിൽ സിഎസ്ആർ ഡയറക്ടറായുള്ള നിയമനം വിവാദത്തിലായിരിക്കുയാണ്. ഇതിനിടെ തനിക്ക് സ്വപ്‌ന സുരേഷിനോട് ഒരു വിരോധവും ഇല്ലെന്ന് എച്ച് ആർ ഡി എസ് സംഘടനയുടെ ചെയർമാനും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാർ പറഞ്ഞു. തന്നെ പുറത്താക്കിയെന്ന് പറയുന്ന എച്ച് ആർ ഡി എസിന്റെ മിനുട്സ് വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡയറക്ടർ ബോർഡ് യോഗം ചേർന്നിട്ടില്ല. ഇപ്പോഴത്തെ നേതൃത്വം തന്റെ കള്ള ഒപ്പിട്ടു. എച്ച് ആർ ഡി എസിനെ ഇപ്പോൾ നയിക്കുന്നത് നാല് പേരടങ്ങുന്ന കള്ളസംഘമാണെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ആഴ്ചകൾക്കുള്ളിൽ യഥാർത്ഥ ഡയറക്ടർ ബോർഡ് ആരെന്ന് ബോധ്യപ്പെടുമെന്നും എസ് കൃഷ്ണകുമാർ പറഞ്ഞു.

വിവാദ​ങ്ങളെ അവ​ഗണിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും കുടുംബത്തെ നോക്കാൻ ജോലി അത്യാവശ്യം ആണെന്നും സ്വപ്നയും പ്രതികരിച്ചു.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസ് എന്ന സന്നദ്ധസംഘടനയിൽ സിഎസ്ആർ ഡയറക്ടറായി വെള്ളിയാഴ്ച രാവിലെയാണ് ജോലിയിൽ പ്രവേശിച്ചത്. സ്വകാര്യ എൻജിഒയുടെ തൊടുപുഴ ഓഫീസിലെത്തിയാണ് സ്വപ്ന ജോയിൻ ചെയ്തത്. പാലക്കാട് അട്ടപ്പാടിയിൽ അടക്കം ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ആർഡിഎസിനായി വിദേശ കമ്പനികളിൽ നിന്ന് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് കണ്ടെത്തി നൽകുന്നതാണ് സ്വപ്ന സുരേഷിന്‍റെ ജോലി. ഈ മാസം പതിനൊന്നാം തീയതിയാണ് പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്നവ എച്ച്ആർഡിഎസ് എന്ന എൻജിഒയിൽ സിഎസ്ആർ ഡയറക്ടറായി സ്വപ്ന സുരേഷിന് നിയമന ഉത്തരവ് നൽകിയത്. പ്രതിമാസശമ്പളം നാൽപ്പത്തിമൂവായിരം രൂപയാണ്.