ഗ്രന്ഥശാലകള്‍ ശാസ്ത്രത്തിന്റെ പ്രചാരകരാകണം: സ്പീക്കര്‍ എ എന്‍ ഷംസീര്‍

0 255ഇന്ത്യയില്‍ അന്ധവിശ്വാസങ്ങള്‍ വ്യാപകമാകുന്ന പുതിയ കാലത്ത് ഗ്രന്ഥശാലകള്‍ ശാസ്ത്രബോധത്തിന്റെ പ്രചാരകരാകണമെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന 17-ാമത് പുസ്തകോത്സവം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അബദ്ധജഡിലമായ കാര്യങ്ങളാണ് ഇന്ത്യയില്‍ പലരും പഠിപ്പിക്കുന്നത്. ആദ്യത്തെ വിമാനം പുഷ്പക വിമാനമാണെന്നും ആദ്യ പ്ലാസ്റ്റിക് സര്‍ജിറി നടത്തിയത് ഗണപതിക്കാണെന്നും പറയുന്നു. ഈ ഘട്ടത്തില്‍ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്ക് ശാസ്ത്ര സത്യങ്ങള്‍ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ പ്രചരിപ്പിക്കാനാകണം. ചരിത്രത്തെ മായ്ച്ച് കളയാനാകാത്തതിനാല്‍ അതിനെ വക്രീകരിക്കാനാണ് ഇത്തരക്കാരുടെ ശ്രമം. അതിന്റെ ഭാഗമായി അബ്ദുള്‍ കലാം ആസാദ്, മഹാത്മാഗാന്ധി എന്നിവരെക്കുറിച്ചുള്ള ഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കി. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ചരിത്ര സത്യങ്ങള്‍ ഒഴിവാക്കുകയാണ് അത്തരക്കാരുടെ രീതി. എന്നാല്‍ ഇത്തരം ചരിത്ര പാഠങ്ങള്‍ കൂടി പഠിപ്പിക്കാന്‍ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്ക് കഴിയണണെന്നും സ്പീക്കര്‍ പറഞ്ഞു.
മെയ് 19 മുതല്‍ 22 വരെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയിലാണ് പുസ്തകോത്സവം. 70 പ്രസാധകരുടെ 144 സ്റ്റാളുകളാണ് മേളയിലുള്ളത്. രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് വരെയാണ് പ്രവേശനം. ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു.കഥാകൃത്ത് ടി പത്മനാഭന്‍ വിശിഷ്ടാതിഥിയായി. എഴുത്തുകാരന്‍ പ്രസാദ് കൂടാളിയുടെ ‘ജീവവൃക്ഷത്തിന്റെ വേരുകള്‍’ എന്ന പുസ്‌കതം സ്പീക്കര്‍ എ എന്‍ ഷംസീര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്ക് നല്‍കി പ്രകാശനം ചെയ്തു. അക്ഷര മാസിക പി പി ദിവ്യ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് മുകുന്ദന്‍ മഠത്തിലിനു നല്‍കി പ്രകാശനം ചെയ്തു.  കെ വി സുമേഷ് എം എല്‍ എ, പീപ്പിള്‍സ് മിഷന്‍ ഫോര്‍ സോഷ്യല്‍ ഡെവലപമെന്റ് കോ ഓര്‍ഡിനേറ്റര്‍ ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളായി. കൗണ്‍സിലര്‍ പി കെ അന്‍വര്‍, സിഡ്കോ ചെയര്‍മാന്‍ സി പി മുരളി, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം കെ രമേശ് കുമാര്‍, സെന്‍ട്രല്‍ ലൈബ്രറി ഉപദേശക സമിതി ചെയര്‍മാന്‍ എം കെ മനോഹരന്‍, പ്രസ് ക്ലബ് സെക്രട്ടറി കെ വിജേഷ്, എസ് എസ് കെ ജില്ലാ പ്രോഗാം ഓഫീസര്‍  ഇ സി വിനോദ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സലില്‍ കൗണ്‍സിലര്‍മാരായ ഡോ. സുധ അഴീക്കോടന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ വിജയന്‍, കെ എ ബഷീര്‍, കണ്ണൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ഇ ചന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ടി പ്രകാശന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.