ലൈഫ് ക്രമക്കേട്; നേരിട്ടുള്ള തെളിവ് ശേഖരണത്തിന് വിജിലന്‍സ്

0 441

ലൈഫ് ക്രമക്കേട്; നേരിട്ടുള്ള തെളിവ് ശേഖരണത്തിന് വിജിലന്‍സ്

ലൈഫ് ക്രമക്കേടില്‍ നേരിട്ടുള്ള തെളിവ് ശേഖരണത്തിനൊരുങ്ങി വിജിലന്‍സ്. നാളെ മുതല്‍ കൊച്ചി, തൃശ്ശൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം. സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാന്‍ നാളെ കോടതിയില്‍ അപേക്ഷ നല്‍കും.ലൈഫ് മിഷന്‍ ക്രമക്കേടില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഇതാദ്യമായാണ് നേരിട്ടുള്ള തെളിവ് ശേഖരണത്തിന് വിജിലന്‍സ് നടപടി തുടങ്ങുന്നത്. ഇതിന്‍റെ ഭാഗമായി കൊച്ചിയിലും തൃശ്ശൂരുമായി അന്വേഷണം വ്യാപിപ്പിക്കും. നാളെ കൊച്ചിയിലെത്തുന്ന പ്രത്യേക അന്വേഷണ സംഘം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കും.അനുമതി ലഭിച്ചാല്‍ ജയിലില്‍ വെച്ച് തന്നെ ചോദ്യം ചെയ്യാനാണ് വിജിലന്‍സ് തീരുമാനം. കമ്മീഷനായി ലഭിച്ച തുകയുടെ കാര്യത്തിലും, ഇത് ആര്‍ക്കൊക്കെ കൈമാറിയെന്ന കാര്യത്തിലും വ്യക്തത വരുത്താന്‍ കൂടിയാണിത്. ഇതിന് ശേഷം തൃശ്ശൂര്‍ വടക്കാഞ്ചേരിയിലുള്ള വിവാദ പദ്ധതിയുമായി ബന്ധപ്പെട്ട ഇതുവരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്വേഷണസംഘം പരിശോധിക്കും. നഗരസഭ അധികൃതരില്‍ നിന്ന് വിവരശേഖരണം നടത്തും. മടങ്ങിയെത്തിയ ശേഷം സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.ആദ്യം മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും എം ശിവശങ്കറുമായുള്ള കൂടിക്കാഴ്ചയടക്കമുള്ള കാര്യങ്ങള്‍ സന്തോഷ് ഈപ്പന്‍ വിജിലന്‍സില്‍ നിന്ന് മറച്ചുവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. വിവരശേഖരണം പൂര്‍ത്തിയായ ശേഷമായിരിക്കും എം ശിവശങ്കറിന്‍റെ മൊഴിയെടുക്കാന്‍ വിജിലന്‍സ് നോട്ടീസ് നല്‍കുക.