ലൈഫ് മിഷന്‍ പദ്ധതി പ്രകാരം രണ്ട് ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതിന്‍റെ പ്രഖ്യാപനം ഇന്ന്

0 106

 

 

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം രണ്ട് ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതിന്റെ പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തും. വൈകിട്ടാണ് പരിപാടി. പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമാധികം വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കിയത്. സംസ്ഥാനതലപരിപാടിക്ക് പുറമേ ലൈഫ് മിഷന്‍ വഴി വീട് കിട്ടിയവരുടെ സംഗമം പഞ്ചായത്ത് തലത്തിലും നടത്തുന്നുണ്ട്. രണ്ട് ലക്ഷം വീട് പൂര്‍ത്തിയാകുന്ന കരകുളം പഞ്ചായത്തിലെ തറട്ടയിലെ കാവുവിള ചന്ദ്രന്‍റെ ഗൃഹപ്രവേശനചടങ്ങില്‍ രാവിലെ മുഖ്യമന്ത്രി പങ്കെടുക്കും. എട്ടരക്കാണ് ചടങ്ങ്.

അതേ സമയം ലൈഫ് മിഷന്‍ പദ്ധതി യുഡിഎഫ് പദ്ധതിയുടെ തുടര്‍ച്ചയാണെന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. വീടുകള്‍ പൂര്‍ത്തികരിച്ചതിന്‍റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവിന് വേണമെങ്കില്‍ എടുത്തോട്ടെയെന്ന് പിണറായി വിജയന്‍ പറഞ്ഞു. അവരുടെ വീടുകള്‍ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞുവെന്നതാണ് പ്രധാനം. അങ്ങനെ പൂര്‍ത്തിയാക്കിയത് 52,000 വീടുകളാണ്. എന്നാല്‍ ഇടത് സര്‍ക്കാര്‍ ഒന്നരലക്ഷത്തോളം വീടുകള്‍ പുതുതായി നിര്‍മ്മിച്ചുവെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പേജില്‍ നടത്തിയ തല്‍സമയപരിപാടിയില്‍ പറഞ്ഞു.

‘പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ക്രെഡിറ്റ് പ്രതിപക്ഷനേതാവിന് വേണമെങ്കില്‍ എടുത്തോട്ടെ, ഞങ്ങള്‍ക്ക് വേണ്ട. അവരുടെ വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഞങ്ങള്‍ക്ക് പ്രധാനം. അക്കാര്യത്തില്‍ ഒരു മിഥ്യാഭിമാനവും ഞങ്ങള്‍ക്കില്ല’- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ലൈഫ് മിഷന്‍ പദ്ധതി പറ്റിപ്പാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവിന് ഭയം മൂത്ത് ഭ്രാന്ത് പിടിച്ചെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക് തിരിച്ചടിച്ചത്.