അതിദരിദ്രരുടെ പട്ടിക; അര്‍ഹതപ്പെട്ടവരെ മാത്രം ഉള്‍പ്പെടുത്തണം: ജില്ലാ കലക്ടര്‍

0 337

അതിദരിദ്രരുടെ പട്ടിക; അര്‍ഹതപ്പെട്ടവരെ മാത്രം ഉള്‍പ്പെടുത്തണം: ജില്ലാ കലക്ടര്‍


അതിദരിദ്രരുടെ പട്ടികയില്‍ ഏറ്റവും ദാരിദ്രരായവരെ മാത്രം ഉള്‍പ്പെടുത്തണമെന്നും അനര്‍ഹരായവര്‍ ഉള്‍പ്പെടാന്‍ പാടില്ലെന്നും ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു. ആസൂത്രണ സമിതി ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അര്‍ഹരല്ലാത്തവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി പി എല്‍ ലിസ്റ്റില്‍ അര്‍ഹതയില്ലാത്തവര്‍ ഉള്‍പ്പെടുന്നുണ്ടോയെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ടെന്ന്  ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.
അതിദരിദ്രരെ കണ്ടെത്തുന്നതിന് വിവരശേഖരണത്തിനുള്ള തയ്യാറെടുപ്പുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പുരോഗമിക്കുകയാണ്. വിവരശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണപുരം ഗ്രാമപഞ്ചായത്തില്‍ നടക്കും.

ജില്ലയിലെ ലൈഫ് അപേക്ഷകളില്‍ ഗ്രാമങ്ങളില്‍ ലഭിച്ച 31265 അപേക്ഷകളില്‍ 8201 എണ്ണത്തിന്റെ പരിശോധന പൂര്‍ത്തിയായതായി പി എ യു പ്രൊജക്റ്റ് ഡയറക്ടര്‍ യോഗത്തെ അറിയിച്ചു. അര്‍ബന്‍ വിഭാഗത്തില്‍ 7284 അപേക്ഷകളില്‍ 5623 എണ്ണത്തിന്റെ പരിശോധന കഴിഞ്ഞു.

2021- 22 വാര്‍ഷിക പദ്ധതി ഭേദഗതി യോഗം ചര്‍ച്ച ചെയ്തു. 32 തദ്ദേശ സ്ഥാപങ്ങളുടെ ഭേദഗതി യോഗം അംഗീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പതിനാലാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്നതിന് മുന്നോടിയായി ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഇതനുസരിച്ച് അവസ്ഥാ രേഖ തയ്യാറാക്കുന്നതിനും വികസനരേഖ പരിഷ്‌കരിക്കുന്നതിനും അധ്യക്ഷന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വികസന മേഖലകളില്‍ കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളും നേട്ടങ്ങളും വിശകലനം ചെയ്താണ് അവസ്ഥാ രേഖ തയ്യാറേക്കേണ്ടത്. ഓരോ വികസന മേഖലയിലും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹാര നടപടികള്‍ എന്നിവ രേഖയില്‍ ഉള്‍പ്പെടുത്തണം. ബന്ധപ്പെട്ട സ്ഥിരം സമിതിയുടെ നേതൃത്വത്തിലാണ് ഇത് നടത്തേണ്ടത്. ആദ്യപടിയായി തദ്ദേശ സ്ഥാപനതല ആസൂത്രണ സമിതിയും വര്‍ക്കിങ് ഗ്രൂപ്പുകളും ഡിസംബര്‍ 10നുള്ളില്‍ പുനഃസംഘടിപ്പിക്കണം.

നഗര സഞ്ചയങ്ങള്‍ക്കുള്ള പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ഗ്രാന്റ് വിനിയോഗവും  നഗരസഞ്ചയ പ്രദേശത്തിന് പഞ്ചവത്സര പദ്ധതി തയ്യാറാക്കലും യോഗം ചര്‍ച്ച ചെയ്തു. കണ്ണൂര്‍ നഗരസഞ്ചയത്തിന് 189 കോടി രൂപയാണ് അഞ്ചു വര്‍ഷത്തേക്ക് അനുവദിച്ചിട്ടുള്ളത്.

മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ആസൂത്രണ സമിതി മറ്റ് അംഗങ്ങളായ അഡ്വ. കെ കെ രത്‌നാകുമാരി, അഡ്വ.ടി സരള, എന്‍ പി ശ്രീധരന്‍, വി ഗീത, കെ താഹിറ, ശ്രീനാഥ് പ്രമോദ്, ലിസി ജോസഫ്, കെ വി ലളിത, സര്‍ക്കാര്‍ നോമിനി കെ വി ഗോവിന്ദന്‍, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി രാജേഷ്, തദ്ദേശ സ്ഥാപന അധ്യക്ഷര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.