കോവിഡ് വ്യാപനം തടയാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണം: മന്ത്രി ഇ പി ജയരാജന്‍

0 659

കോവിഡ് വ്യാപനം തടയാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണം:മന്ത്രി ഇ പി ജയരാജന്‍

കോവിഡ് രോഗ വ്യാപനം ഉണ്ടായാല്‍ മഹാ വിപത്തായിരിക്കുമെന്നും അതിനാല്‍ രോഗവ്യാപനം പ്രതിരോധിക്കാനുള്ള ദൗത്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്നും വ്യവസായ, കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്, നഗരസഭാ അധ്യക്ഷന്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗവ്യാപനം തടഞ്ഞു നിര്‍ത്തുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്് ഫലപ്രദമായി ഇപെടാന്‍ കഴിയുക. അത് ജാഗ്രതയോടെ നിര്‍വഹിക്കാന്‍ തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ നേതൃത്വം നല്‍കണം. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ സ്ഥിതി വിനാശകരമായി മാറുമ്പോഴും കേരളത്തില്‍ രോഗമുക്തി നേടുന്നതിലും രോഗ വ്യാപനം തടയുന്നതിലും മികച്ച നില കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഈ അവസ്ഥ നിലനിര്‍ത്താന്‍ കഴിയണം. ഹോം ക്വാറന്റൈനില്‍ ഒരു വീഴ്ചയും പോരായ്മയും ഉണ്ടായിക്കൂട. നിതാന്ത ജാഗ്രതയോടെ ഇത് നിരീക്ഷിക്കണം. ഇതിനായി തദ്ദേശസ്ഥാപന തലത്തിലും വാര്‍ഡ് തലത്തിലും കമ്മിറ്റികള്‍ക്ക് നിര്‍ദേശിച്ചിട്ടുണ്ട്. ഇവ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്ന് പ്രസിഡണ്ടുമാര്‍ ഉറപ്പാക്കണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം, ചികിത്സ, മറ്റ് സൗകര്യങ്ങള്‍ എന്നിവ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ചുമതലയും വാര്‍ഡ് തല കമ്മിറ്റിക്കുണ്ട്. ഇതിനായി എല്ലാ ദിവസവും ഈ വീടുകളുമായി ബന്ധപ്പെടണം.

വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പ്രവാസികള്‍ എത്തുന്ന സാഹചര്യത്തില്‍ ഈ നിരീക്ഷണ സംവിധാനം കൂടുതല്‍ കര്‍ശനമാക്കണം. ഇതിനായി നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ ഉണ്ടാക്കും. ജില്ലാ തലത്തിലും പ്രത്യേക കമ്മിറ്റി ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക മേഖലയും ഉല്‍പ്പാദന മേഖലയും താളം തെറ്റിയ നിലയിലാണ്. പടിപടിയായി ഉല്‍പ്പാദന പ്രക്രിയയും സാധാരണ ജീവിതവും തിരിച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ഉദ്ദേശ്യത്തോടെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത്. എന്നാല്‍ എല്ലാ കാര്യങ്ങളും പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കണം.

നിലവില്‍ സംസ്ഥാനത്ത് ആവശ്യമായ ഭക്ഷ്യധാന്യ ശേഖരം ഉണ്ട്. എങ്കിലും ഭാവിയെക്കരുതി കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിയണം. തരിശ് നിലങ്ങളില്‍ പരമാവധിയിടങ്ങളില്‍ കൃഷി നടത്താനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ തദ്ദേശസ്ഥാപനവും അവരുടെ പരിധിയിലുള്ള തരിശ് ഭൂമിയിലും സാധ്യമായ മറ്റിടങ്ങളിലും കൃഷി നടത്താന്‍ നടപടിയെടുക്കണം. ആവശ്യമായ വിത്തും മറ്റ് വസ്തുക്കളും കൃഷി വകുപ്പ് നല്‍കും. ആവശ്യമായ തുക പ്ലാന്‍ ഫണ്ടില്‍ നിന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് വിനിയോഗിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

കൊറോണക്കെതിരായ മഹായുദ്ധം വിജയിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ജില്ലയിലെ ഇതുവരെയുള്ള മികച്ച നേട്ടത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണ്. ഊടുവഴികളിലൂടെയും മറ്റും ചിലര്‍ അനധികൃതമായി ജില്ലയിലെത്തിയത് കൃത്യമായ വിവര ശേഖരണത്തിന് ആദ്യ ഘട്ടത്തില്‍ ചില പ്രയാസങ്ങള്‍ ഉണ്ടാക്കിയിരുന്നു. നേരിട്ട് തദ്ദേശസ്ഥാപനങ്ങള്‍ വഴി വിവരങ്ങള്‍ ശേഖരിച്ചാണ് അത് നമ്മള്‍ മറി കടന്നത്. തുടര്‍ന്നും ഈ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ഉണ്ടാവണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്ക്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം പ്രകാശന്‍ തുടങ്ങിയവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു