ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശുചിത്വ പദവി നേട്ടത്തിലേക്ക്

0 80

ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശുചിത്വ പദവി നേട്ടത്തിലേക്ക്

ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശുചിത്വ പദവി നേട്ടത്തിലേക്ക്. നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ വാഗ്ദാനങ്ങള്‍ പാലിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള ശുചിത്വപദവി നിര്‍ണ്ണയം ജില്ലയില്‍ പൂര്‍ത്തീകരിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അവര്‍ നടത്തിയ ശുചിത്വമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രേഡിംഗ് നല്‍കിയാണ് ശുചിത്വപദവി നിര്‍ണ്ണയം നടത്തിയത്. ഇതിനായി ജില്ലാ കളക്ടര്‍ ചെയര്‍മാനും ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ കണ്‍വീനര്‍മാരുമായി ജില്ലാ തല അവലോകന സമിതി രൂപീകരിക്കുകയും രണ്ട് വീതം പരിശോധക സമിതികളേയും തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ആദ്യഘട്ടം സ്വയം പ്രഖ്യാപനം-പിന്നീട് വിലയിരുത്തല്‍

മീനങ്ങാടി, എടവക, പുല്‍പള്ളി, വെങ്ങപ്പള്ളി, മുട്ടില്‍, തരിയോട്, പടിഞ്ഞാറത്തറ, കോട്ടത്തറ, പൊഴുതന, വൈത്തിരി, മൂപ്പൈനാട്, തൊണ്ടര്‍നാട്, മേപ്പാടി, പൂതാടി എന്നീ 14 ഗ്രാമപഞ്ചായത്തുകള്‍, ബത്തേരി, കല്‍പ്പറ്റ എന്നീ 2 നഗരസഭകള്‍ അടക്കം 16 തദ്ദേശസ്ഥാപനങ്ങള്‍ തങ്ങളുടെ സ്ഥാപനത്തില്‍  നടപ്പിലാക്കിയ ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങള്‍ സ്വയം വിലയിരുത്തി ശുചിത്വ പദവി പ്രഖ്യാപനം നടത്തുകയുണ്ടായി. തുടര്‍ന്ന് ജില്ലാതലത്തിലുള്ള രണ്ട് പരിശോധനാ സമിതികള്‍ ഓരോ തദ്ദേശ സ്ഥാപനത്തിലും എത്തി പരിശോധന നടത്തി മാര്‍ക്ക് നല്‍കി.

വിലയിരുത്തല്‍ പരിശോധന എങ്ങനെ

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പരിശോധക സമിതി സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശുചിത്വപദവി നിര്‍ണ്ണയത്തിനായുള്ള വിലയിരുത്തല്‍ ഘടകങ്ങള്‍ പ്രകാരം സ്വയം പ്രഖ്യാപനം നടത്തിയ ഓരോ തദ്ദേശസ്ഥാപനത്തിലും കൃത്യമായി പരിശോധന നടത്തി. 16 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതു പ്രകാരം 100 ല്‍ 61 മാര്‍ക്കിനു മുകളില്‍ ലഭിച്ചിട്ടുണ്ട്. ശുചിത്വപദവി നിര്‍ണ്ണയത്തിനുള്ള  എല്ലാ മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തി വിലയിരുത്തല്‍ നടത്തിയ ശേഷമാണ് ഗ്രേഡ് നിശ്ചയിക്കുന്നത്.

ശുചിത്വപദവി നിര്‍ണ്ണയത്തിനുള്ള മാനദണ്ഡങ്ങള്‍:

മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിത കര്‍മ്മസേന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ, ജൈവ- അജൈവ മാലിന്യ സംസ്‌കരണം എങ്ങനെ നടപ്പിലാക്കുന്നു, ഉപയോഗ യോഗ്യമായ പൊതു ശുചിമുറികള്‍, മാലിന്യ കൂനകള്‍ ഇല്ലാത്ത പൊതു നിരത്തുകള്‍, ഖര-ദ്രവ്യ മാലിന്യപരിപാലന നിയമം നടപ്പിലാക്കിയിട്ടുണ്ടോ, പ്ലാസ്റ്റിക് നിരോധനവും നിയമനടപടികളും, മാലിന്യമുക്ത പൊതു ജലാശയങ്ങള്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍, അജൈവ വസ്തുക്കളുടെ ശേഖരണം, സംഭരണം, കൈയ്യൊഴിയല്‍, സമഗ്ര ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയുമായി ബന്ധപ്പെട്ടു നടത്തിയ  ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഇരുപതോളം ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് വിലയിരുത്തല്‍ ഘടകങ്ങള്‍. ഓരോ ചോദ്യങ്ങള്‍ക്കും 0 മുതല്‍ 5 മാര്‍ക്ക് വരെ ലഭിക്കും.

മാലിന്യമുക്ത പൊതു ജലാശയങ്ങള്‍, മാലിന്യ കൂനകള്‍ ഇല്ലാത്ത പൊതു നിരത്തുകള്‍, വീടുകളില്‍ നിന്ന് 60 ശതമാനത്തോളം അജൈവ മാലിന്യങ്ങളുടെ വാതില്‍ പടി ശേഖരണം, ബഹുജന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, പ്രകൃതി സൗഹൃദപരമായുള്ള ഹരിത ചട്ട പരിപാലനം എന്നിവയിലൊക്കെ മാതൃകാ ഇടപെടലുകളാണ് ഈ തദ്ദേശസ്ഥാപനങ്ങളിലെല്ലാം നടപ്പാക്കിയത്.

ഒക്‌ടോബര്‍ 10 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ സംസ്ഥാന തലത്തില്‍ ശുചിത്വ പദവി പ്രഖ്യാപനം നടത്തും. അതിനു ശേഷം ജില്ലകളില്‍ ഓരോ തദ്ദേശസ്ഥാപന തലത്തിലും പ്രഖ്യാപനം നടക്കും. ശുചിത്വ പദവി നേടിയ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മെമന്റോയും ശുചിത്വ പദവി സര്‍ട്ടിഫിക്കറ്റും നല്‍കും.