ലോക്ക്ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ നമസ്കാരം: പരപ്പനങ്ങാടിയില്‍ ഏഴ് പേര്‍ അറസ്റ്റില്‍
മലപ്പുറം: ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തറാവീഹ് നമസ്കാരം നടത്തിയ ഏഴ് പേര്‍ പോലീസ് പിടിയില്‍ . പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം . ചെട്ടിപ്പടി സ്വദേശികളായ അബ്ദുള്ള കോയ, കാസിം, മുഹമ്മദ് ഇബ്രാഹിം, നാസര്‍ റസാഖ്, സെയ്ദലവി, മുഹമ്മദ് അഷ്റഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെട്ടിപ്പടിയിലെ ഹെല്‍ത്ത് സെന്‍ററിന് സമീപമുള്ള പള്ളിയില്‍ രാത്രിയില്‍ നമസ്കാരം നടത്തിയതിനെതിരെയാണ് നടപടി .
വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെ ഇവര്‍ ഇറങ്ങിയോടിയെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു . ഏഴുപേര്‍ക്കുമെതിരെ കേസെടുത്തതിന് ശേഷം ജാമ്യത്തില്‍ വിട്ടയച്ചു . മേഖലയില്‍ പരിശോധനകള്‍ തുടരാനാണ് പോലീസിന്റെ തീരുമാനം . ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിസ്വീകരിക്കുമെന്നും പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.